കരിപ്പൂര്‍: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ പോലീസ് പിടികൂടി. ദുബൈയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളെയാണ് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച 446 ഗ്രാം സ്വര്‍ണ്ണം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്.[www.malabarflash.com]
ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് (IX 350) ഫ്ലൈറ്റില്‍ കരിപൂര്‍ എയര്‍ പോര്‍ട്ടിലിറങ്ങിയ അനസിനെ ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്ന് എയര്‍പോര്‍ട്ടിന് പുറത്തെത്തിയ അനസിന്‍റെ ദേഹപരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.
അനസ് ധരിച്ചിരുന്ന പാദരക്ഷയുടെ ഉള്‍വശത്ത് സോളിനടിയില്‍ പാക്കറ്റാക്കി ഒട്ടിച്ച നിലയിലാണ് സ്വര്‍ണ്ണം കാണപ്പെട്ടത്. 446 ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ വിലനിലവാരം അനുസരിച്ച് ആഭ്യന്തര വിപണിയില്‍ 28 ലക്ഷത്തിലധികം രൂപ വിലവരും.
കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 7-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷന് കൈമാറും.
0 Comments