Top News

ഭാര്യയെ കൊലപ്പെടുത്തിയ ബി.ജെ.പി നേതാവ് ആത്മഹത്യ ചെയ്ത നിലയിൽ


കായംകുളം: കുടുംബവഴക്കിനെ തുടർന്ന് കായംകുളത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ബി.ജെ.പി നേതാവ് ആത്തമഹത്യ ചെയ്തു. ബി.ജെ.പി കായംകുളം നിയോജക മണ്ഡലം സെക്രട്ടറി ചിറക്കടവം രാജധാനിയിൽ പി.കെ. സജി (48), ഭാര്യ ബിനു (42) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com] 

രക്തംവാർന്ന നിലയിൽ ബിനുവിൻറെയും സമീപത്ത് മരിച്ച നിലയിൽ സജിയുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ബിനുവിൻറെ കഴുത്തിന് മുറിവേറ്റ നിലയിലും കത്തി കൈപിടിച്ച നിലയിലുള്ള സജിക്ക് കുത്തേറ്റ രീതിയിലുമാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് പരിസരവാസികൾ സംഭവം പൊലീസിൽ അറിയിക്കുന്നത്. ദമ്പതികളുടെ ഏകമകൻ സജിന് കോയമ്പത്തൂരിലാണ് ജോലി. ശനിയാഴ്ച പകൽ ഇരുവരെയും ഫോണിൽ വിളിച്ചപ്പോൾ എടുത്തില്ല. തുടർന്ന് അയൽവാസികളെ അറിയിക്കുകയായിരുന്നു. ഇവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. തുടർന്നാണ് പോലീസിനെ അറിയിച്ചത്. 

ബിനുവിനെ കൊലപ്പെടുത്തിയ ശേഷം സജി ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. വീടിൻറെ കതകുകൾ തുറന്ന നിലയിലായിരുന്നു. 

ഞായറാഴ്ച ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമെ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. ഇവർ തമ്മിൽ ഏറെനാളായി കുടുംബപ്രശ്നം രൂക്ഷമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. വെള്ളിയാഴ്ച രാത്രിയിലായിരിക്കും സംഭവം നടന്നതെന്നാണ് കരുതുന്നത്. ഡി.വൈ.എസ്.പി ജി. അജയനാഥ്, സി.ഐ മുഹമ്മദ് ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

Post a Comment

Previous Post Next Post