NEWS UPDATE

6/recent/ticker-posts

പ്രീസ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ നാലുവയസ്സുകാരി മരിച്ചു

ബംഗളൂരു: സ്കൂൾ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മലയാളി വിദ്യാർഥിനി മരിച്ചു. ബംഗളൂരുവിൽ ഐ.ടി ജീവനക്കാരായ കോട്ടയം മണിമല കുറുപ്പൻ പറമ്പിൽ ജിറ്റോ ടോമി ജോസഫ്–ബിനീറ്റ തോമസ് ദമ്പതികളുടെ മകൾ ജിയന ആൻ ജിറ്റോ ആണ് വ്യാഴാഴ്ച മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച ഉച്ചക്ക് ക്ല്യാൺ നഗർ ​ഹെന്നൂർ ചെല്ലികരെയിലെ ഡൽഹി പ്രീ സ്കൂളിലെ കെട്ടിടത്തിൽനിന്ന് വീണു പരിക്കേറ്റ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെബ്ബാളിലെ ആസ്റ്റർ സി.എം.ഐ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയവെയാണ് മരണം. 

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ വ്യാഴാഴ്ച ഹെന്നൂർ പോലീസിനും മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർക്കും പരാതി നൽകി. ഏഴു മാസം മുമ്പാണ് കുടുംബം മണിമലയിൽനിന്ന് ബംഗളൂരുവിലേക്ക് മാറിത്താമസിച്ചത്.

ഉച്ചക്ക് 12.30ന് ഉച്ചഭക്ഷണ സമയത്ത് മാതാപിതാക്കൾ കുഞ്ഞിനെ കണ്ടിരുന്നു. പിന്നീട് 2.40 ഓടെയാണ് കുഞ്ഞിന് അപകടം പറ്റിയതായി ഫോൺ വരുന്നത്. കളിക്കുന്നതിനിടെ കുട്ടി ചുമരിൽ തലയിടിച്ച് വീണെന്നും ഛർദിച്ചെന്നുമാണ് സ്കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചത്. മാതാപിതാക്കൾ സ്കൂളിൽ എത്തിയപ്പോഴേക്കും കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആദ്യം സമീപത്തെ രണ്ടു ആശുപത്രികളിൽ കുട്ടിയെ കാണിച്ചെങ്കിലും പരുക്ക് ഗുരുതരമാണെന്ന് ക​ണ്ടതോടെ ആസ്റ്റർ സിഎം.ഐ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

കുട്ടി ​പ്രീ-സ്കൂൾ കെട്ടിടത്തിന്റെ ടെറസിൽനിന്ന് താഴേക്ക് വീണതാണെന്ന് മാതാപിതാക്കൾ കണ്ടെത്തി. ഉയരത്തിൽ നിന്ന് വീണപ്പോൾ തലക്ക് മാരകമായ പരിക്കേറ്റതോടെ കുട്ടി അബോധാവസ്ഥയി. സംഭവം നടക്കുമ്പോൾ മുന്നു കുട്ടികൾ മാത്രമാണ് ഡേ-കെയറിൽ ഉണ്ടായിരുന്നത്. സി.സി.ടി.വി കാമറകൾ അന്നേദിവസം പ്രവർത്തിച്ചിരുന്നില്ലെന്ന സ്കൂൾ അധികൃതരുടെ വാദം സംശയത്തിനിടയാക്കുന്നതാണെന്ന് കുട്ടിയുടെ ബന്ധു ചൂണ്ടിക്കാട്ടി.

സ്കൂൾ പ്രിൻസിപ്പലും മലയാളിയുമായ ചങ്ങനാശേരി സ്വദേശി തോമസിനെതിരെ പോലീസ് ഐ.പി.സി 337, 338 വകുപ്പുകൾ ചുമത്തി കേസെടുത്തു. ഇയാളുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ജനീലിയ ആൻ ജിറ്റോ (ഒന്നര വയസ്സ്) ആണ് മരണപ്പെട്ട കുഞ്ഞിന്റെ സഹോദരി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സ്വദേശമായ മണിമലയിലേക്ക് കൊണ്ടുപോകും.

Post a Comment

0 Comments