NEWS UPDATE

6/recent/ticker-posts

2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല; ഉടമക്ക് ഒരുലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

ന്യൂഡൽഹി: 2004ൽ വാങ്ങിയ കാറിന് കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് കൊടുത്തയാൾക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷന്‍റെ വിധി. മാരുതി സുസുകി ഇന്ത്യയാണ് കാറുടമക്ക് നഷ്ടപരിഹാരം നൽകേണ്ടത്.[www.malabarflash.com]


രാജീവ് ശർമ എന്നയാളാണ് പരാതിക്കാരൻ. 2004ൽ പത്രപ്പരസ്യം കണ്ടാണ് ഇയാൾ മാരുതിയുടെ സെൻ മോഡൽ കാർ വാങ്ങിയത്. ലിറ്ററിന് 16 മുതൽ 18 വരെ മൈലേജ് ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ, തനിക്ക് 10.2 കി.മീ മാത്രമേ മൈലേജ് ലഭിക്കുന്നുള്ളൂവെന്ന് ഇയാൾ പരാതിയിൽ പറഞ്ഞു.

മൈലേജിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുമുണ്ടെന്നത് അംഗീകരിച്ച ഉപഭോക്തൃ കമീഷൻ, പരാതിയിൽ പറഞ്ഞിരിക്കുന്ന മൈലേജ് വാഗ്ദാനം ചെയ്തതിനെക്കാൾ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടി. 41 ശതമാനത്തിന്‍റെ വലിയ കുറവാണുണ്ടായത്.

മൈലേജ് ഉൾപ്പെടെ പല ഘടകങ്ങളും പരിശോധിച്ചാണ് പല വാഹനങ്ങൾ താരതമ്യം ചെയ്ത് ഒരാൾ കാർ വാങ്ങുന്നത്. അങ്ങനെ വാഗ്ദാനത്തിൽ വിശ്വസിച്ച് വണ്ടി വാങ്ങുന്ന ഒരാൾക്ക് വളരെ കുറഞ്ഞ മൈലേജ് മാത്രം ലഭിക്കുമ്പോൾ വഞ്ചിക്കപ്പെട്ടതായി തോന്നും -ജനുവരി 17ന് പ്രസ്താവിച്ച വിധിയിൽ കമീഷൻ പറഞ്ഞു.

ജില്ല ഉപഭോക്തൃ കമീഷനാണ് പരാതിയിൽ വാഹന ഉടമക്ക് അനുകൂലമായി ആദ്യം വിധി പറഞ്ഞത്. തുടർന്ന് മാരുതി അപ്പീലിന് പോയെങ്കിലും സംസ്ഥാന കമീഷനും വിധി ശരിവെച്ചു. തുടർന്നാണ് പരാതി ദേശീയ ഉപഭോക്തൃ കമീഷന് മുന്നിലെത്തിയത്.

പത്രത്തിൽ പരസ്യം കാണുന്നതിന് അഞ്ച് മാസം മുമ്പേ രാജീവ് ശർമ കാർ വാങ്ങിയിരുന്നെന്ന് മാരുതി വാദിച്ചു. അതിനാൽ, പരസ്യത്തിലെ വാഗ്ദാനം കണ്ടാണ് കാർ വാങ്ങിയതെന്ന് പറയാനാവില്ല. ശർമ പറയുന്ന മൈലേജ് ഡീലർ വാക്കാൽ നൽകിയതായിരിക്കാമെന്നും മാരുതി പറഞ്ഞു.

പല ഘടകങ്ങളും മൈലേജിനെ സ്വാധീനിക്കുമെന്ന് മാരുതി വാദിച്ചെങ്കിലും പരാതിക്കാരന് ലഭിക്കുന്നത് വളരെ കുറഞ്ഞ മൈലേജാണെന്ന് വ്യക്തമാക്കിയ കമീഷൻ, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് ശരിവെക്കുകയായിരുന്നു.

Post a Comment

0 Comments