NEWS UPDATE

6/recent/ticker-posts

സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും

കൊല്ലം: സി.പി.എം.എരുതനങ്ങാട് ബ്രാഞ്ച് സെക്രട്ടറി ദേവദത്ത(54)നെ കൊലപ്പെടുത്തിയ കേസിൽ പ്രതി പവിത്രേശ്വരം കൈതക്കോട് എരുതനങ്ങാട് ചരുവിള പുത്തൻവീട്ടിൽ സുനിൽകുമാറി(53)ന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും. കൊല്ലം നാലാം അഡീഷണൽ സെഷൻസ് ജഡ്ജി എസ്.സുഭാഷാണ് ശിക്ഷ വിധിച്ചത്.[www.malabarflash.com]


2018 ഡിസംബർ 29-ന് ഉച്ചയ്ക്ക് 1.30-നാണ് കേസിനാസ്പദമായ സംഭവം. പവിത്രേശ്വരം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിന്റെ സ്ലിപ്പ് വിതരണത്തിനായി ബൈക്കിൽ പോയ പവിത്രേശ്വരം കൈതക്കോട് പൊയ്കവിളവീട്ടിൽ ദേവദത്തനെ റോഡിൽ തടഞ്ഞുനിർത്തി വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.

തിരുവല്ല പോലീസ് സ്റ്റേഷനിലെ അബ്കാരി കേസിൽ ഒളിവിലായിരുന്ന സുനിൽകുമാറിനെ എഴുകോൺ പോലീസ് മറ്റൊരു കേസിൽ അറസ്റ്റ്‌ ചെയ്തിരുന്നു. ഈസമയം ഇയാൾ എഴുകോണിലുണ്ടെന്ന് തിരുവല്ല പോലീസിൽ അറിയിച്ചെന്ന വിരോധത്തിലാണ് ദേവദത്തനെ കൊലപ്പെടുത്തിയത്.

പിഴത്തുകയായി ലഭിക്കുന്ന രണ്ടുലക്ഷം ദേവദത്തന്റെ ഭാര്യ പി.കുമാരിക്ക് നൽകാനും കോടതി ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവ് അനുഭവിക്കണം. എഴുകോൺ എസ്.ഐ. ആയിരുന്ന ബാബു കുറുപ്പാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്പെക്ടർമാരായ ഗോപകുമാർ, ബിനുകുമാർ, ബി.അനിൽ എന്നിവരാണ് തുടരമ്പേഷണം നടത്തിയത്.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഓച്ചിറ എൻ.അനിൽകുമാർ, അഡീഷണൽ പ്രോസിക്യൂട്ടർമാരായ കെ.ബി.മഹീന്ദ്ര, എ.കെ.മനോജ്, അഭിഭാഷകരായ ആസിഫ് റിഷൻ, എസ്.സിനി എന്നിവർ കോടതിയിൽ ഹാജരായി. സിവിൽ പോലീസ് ഓഫീസർ എം.പി.അജിത്ത് പ്രോസിക്യൂഷൻ സഹായിയായിരുന്നു.

Post a Comment

0 Comments