Top News

ഷബ്നയുടെ ആത്മഹത്യ: അന്വേഷണം ഊർജിതമാക്കി പോലീസ്; ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയില്‍

കോഴിക്കോട്: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭര്‍തൃവീട്ടിലെ പീഡനം മൂലം യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്നയാണ് മരിച്ചത്. ഹബീബിന്റെ അമ്മാവൻ ഹനീഫയെ വെള്ളിയാഴ്ച  വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]


ഷബ്നയെ ഹനീഫ മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. രാത്രി ഏഴോടെ ഹനീഫയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരികയാണ്.

കേസിൽ സ്ത്രീധന നിരോധന വകുപ്പ് (498 എ) ഉൾപ്പെടെ പോലീസ് കൂട്ടിച്ചേർത്തു. നേരത്തേ അസ്വഭാവിക മരണത്തിന് ആയിരുന്നു എടച്ചേരി പോലീസ് കേസെടുത്തിരുന്നത്. അതേസമയം, കേസ് അന്വേഷണത്തിന്റെ ചുമതല വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിന് കൈമാറി.

പോലീസ് അരൂരിലെ വീട്ടിലെത്തി ഷബ്നയുടെ ഉമ്മ മറിയം, മകൾ, ബന്ധുക്കൾ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അരൂരിലെ കുനിയിൽ പുളിയം വീട്ടിൽ ഷബ്നയെ, ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഹബീബ് പ്രവാസിയാണ്. പത്തു വര്‍ഷം മുൻപായിരുന്നു ഹബീബുമായുള്ള ഷബ്‌നയുടെ വിവാഹം. 

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി എന്നിവർ ഷബ്നയുടെ വീട് സന്ദർശിച്ച് പിന്തുണ അറിയിച്ചു.

Post a Comment

Previous Post Next Post