NEWS UPDATE

6/recent/ticker-posts

ഒരിക്കലും പിരിയാതിരിക്കാന്‍ ശ്രമിച്ച ആ നാല്‍വര്‍ സംഘത്തിന് ഒന്നിച്ച് മടക്കം

തൃശ്ശൂര്‍: അര്‍ജുന്‍, നിവേദ്, അബി, സയിദ് -തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ ചെറിയ ക്ലാസില്‍ തുടങ്ങിയ ചങ്ങാത്തം. ഈ കൂട്ട് ഒരിക്കലും പിരിയാതിരിക്കാന്‍ ഈ നാല്‍വര്‍സംഘം ശ്രമിച്ചു. ഒടുവില്‍ കൂട്ടുപേക്ഷിക്കാതെത്തന്നെ ഒന്നിച്ച് മടക്കവും.[www.malabarflash.com]


പുത്തൂരിനടുത്ത് കൈനൂര്‍ ചിറയിലാണ് കൂട്ടുകാരായ നാല് വിദ്യാര്‍ഥികള്‍ ചുഴിയില്‍ മുങ്ങിമരിച്ചത്. മൂന്നുപേര്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജിലെയും ഒരാള്‍ എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസിലെയും വിദ്യാര്‍ഥികളാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു ശേഷമാണ് സംഭവം. പൂങ്കുന്നം ലെനിന്‍ നഗര്‍ ക്യാപിറ്റല്‍ ഗ്യാലക്‌സി ചിത്തിര ജി-1-ല്‍ സയിദ് ഹുസൈന്‍ (19), വടൂക്കര തോട്ടുപുറത്ത് വീട്ടില്‍ നിവേദ്കൃഷ്ണ (18), കുറ്റൂര്‍ വിളങ്ങാടന്‍ വീട്ടില്‍ അബി ജോണ്‍ (18), കുറ്റൂര്‍ ചീരാത്ത് വീട്ടില്‍ കെ. അര്‍ജുന്‍ (18) എന്നിവരാണ് മരിച്ചത്.

ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് പ്ലസ്ടുവിലെത്തിയപ്പോള്‍ നാലുപേരും കൊമേഴ്‌സ് തിരഞ്ഞെടുത്തു. ബിരുദത്തിന് ബി.ബി.എ.യും. പക്ഷേ, തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ മൂന്നുപേര്‍ക്കേ പ്രവേശനം ലഭിച്ചുള്ളൂ. അര്‍ജുനുമാത്രം സെയ്ന്റ് അലോഷ്യസില്‍ ചേരേണ്ടിവന്നു. സ്‌കൂളില്‍ അധ്യാപകരോട് ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു ഈ കൂട്ടുകാരെന്ന് കോഴ്‌സ് കോ-ഓര്‍ഡിനേറ്ററായ ബിന്ദു പ്രസാദ് പറയുന്നു. അര്‍ജുന്‍ രണ്ടുദിവസംമുന്‍പും സ്‌കൂളിലെത്തിയിരുന്നു. ട്രിപ്പിള്‍ ജമ്പില്‍ സംസ്ഥാന ചാമ്പ്യനാണ് അര്‍ജുന്‍. ദേശീയ മീറ്റില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതുകൊണ്ടാണ് സെയ്ന്റ് തോമസില്‍ പ്രവേശനം നേടാന്‍ കഴിയാതിരുന്നത്.

രണ്ടും മൂന്നും വര്‍ഷക്കാര്‍ക്ക് പരീക്ഷയായതിനാല്‍ തൃശ്ശൂര്‍ സെയ്ന്റ് തോമസ് കോളേജില്‍ തിങ്കളാഴ്ച ഒന്നരയോടെ ഒന്നാംവര്‍ഷക്കാരുെട ക്ലാസുകള്‍ കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഇവിടത്തെ വിദ്യാര്‍ഥികളായ മൂന്നുപേര്‍ അര്‍ജുനെയും കൂട്ടി കൈനൂരിലേക്ക് പോയതാണെന്ന് കരുതുന്നു. അപകടവിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴാണ് കോളേജധികൃതര്‍ വിവരമറിയുന്നത്.

പിന്നാലെ കുട്ടികളുടെ തിരിച്ചറിയല്‍ കാര്‍ഡുമായി പോലീസുമെത്തി. ഊരിവെച്ചിരുന്ന വസ്ത്രങ്ങള്‍ക്കൊപ്പമുള്ള കോളേജ് ഐ.ഡി. കാര്‍ഡുകളാണ് തിരിച്ചറിയാന്‍ സഹായിച്ചത്.

രണ്ടുമണിയോടെയാണ് വിദ്യാര്‍ഥികള്‍ എത്തിയതെന്നാണ് നാട്ടുകാര്‍ കരുതുന്നത്. മൂന്നോടെ തൃശ്ശൂരില്‍നിന്ന് അഗ്‌നി രക്ഷാ സേന ഹോണ്‍മുഴക്കി വരുന്ന ശബ്ദം കേട്ടാണ് സമീപവാസികള്‍ അപകടവിവരമറിയുന്നത്. സ്ഥലം കാണാനെത്തിയ വിദ്യാര്‍ഥിനികള്‍ ആദ്യം ഇവരെ കണ്ടിരുന്നു, പിന്നീട് കാണാതായതോടെയാണ് അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചത്. അര മണിക്കൂറിനകം എല്ലാ മൃതദേഹങ്ങളും മുങ്ങിയെടുത്തു.

ചിറയില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നില്ലെങ്കിലും ഇറങ്ങുന്നിടത്തുതന്നെ ആഴമുള്ള ചുഴികളുണ്ട്. ഇതറിയാതെയാണ് പുറത്തുനിന്നെത്തുന്നവര്‍ അപകടത്തില്‍പ്പെടുന്നത്. നീന്തലറിയാവുന്നവര്‍ക്കുപോലും ചിറയുടെ ആഴങ്ങളില്‍ക്കുടുങ്ങി ജീവഹാനി സംഭവിച്ചിട്ടുണ്ട്.

വടക്കുന്നാഥന്‍ ഉപദേശകസമിതി വൈസ് പ്രസിഡന്റ് ടി.കെ. അഭിലാഷിന്റെയും സീനയുടെയും മകനാണ് നിവേദ്കൃഷ്ണ. സഹോദരി: ഐശ്വര്യലക്ഷ്മി. പരേതനായ സക്കീര്‍ ഹുസൈന്റെയും ഷഹീനാ ഹുൈസന്റെയും മകനാണ് സയിദ് ഹുസൈന്‍. സഹോദരന്‍: ആദില്‍ (ഗള്‍ഫ്). അനന്തന്റെയും അനിതയുടെയും മകനാണ് അര്‍ജുന്‍. സഹോദരിമാര്‍: അഞ്ജന, അമൃത. ജോണിന്റെയും ടീനയുടെയും മകനാണ് അബി ജോണ്‍. സഹോദരന്‍: ആല്‍ബിന്‍ ജോണ്‍.

നാലുപേരുടെയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിവേദ്കൃഷ്ണയുടെ സംസ്‌കാരം ചൊവ്വാഴ്ച വടൂക്കര ശ്മശാനത്തില്‍.

Post a Comment

0 Comments