Top News

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ല; 3-2ന് ഹരജികള്‍ തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഭിന്ന വിധികളുമായി സുപ്രീം കോടതി ബെഞ്ച് . ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡും ജസ്റ്റിസ് എസ് കെ കൗളും സ്വവര്‍ഗ വിവാഹത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചപ്പോള്‍ അഞ്ചംഗ ബെഞ്ചിലെ മറ്റ് മൂന്ന് പേര്‍ വിയോജിച്ചു കൊണ്ട് വിധി പ്രഖ്യാപിച്ചു. ഇതോടെ അഞ്ചില്‍ മൂന്ന് ഭൂരിപക്ഷത്തിന് ഹരജികള്‍ തള്ളുകയായിരുന്നു.[www.malabarflash.com]


ഹരജികളില്‍ നാല് വിധികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. സ്വവര്‍ഗ വിവാഹമെന്നത് നഗര സങ്കല്‍പ്പമോ വരേണ്യവര്‍ഗ സങ്കല്‍പ്പമോ അല്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്വവര്‍ഗ വിവാഹത്തെ ശരിവെക്കുന്നതായും വിധിയില്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹം അസംബന്ധമോ വിഡ്ഢിത്തമോ അല്ല. സ്വവര്‍ഗ വിവാഹത്തിനെതിരായ സ്‌പെഷല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് റദ്ദാക്കുന്നതായും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എല്ലാവരേയും ഉള്‍ക്കൊള്ളാത്തതിനാലാണ് ഭരണഘടനാ വിരുദ്ധമായ ഈ വകുപ്പ് റദ്ദാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പതിനൊന്നോടെ വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്താവം നടത്തി

സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ 20 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണിച്ചത്.

വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പാര്‍ലമെന്റാണ് ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. അതേസമയം, നിയമസാധുത നല്‍കാതെ തന്നെ ഏതാനും അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post