Top News

ഇന്ത്യയും ചന്ദ്രനിൽ: ദക്ഷിണധ്രുവത്തിൽ സുരക്ഷിത ലാൻഡിങ്, ചന്ദ്രയാൻ 3 സമ്പൂർണ വിജയം

ബെംഗളൂരു: ഭൂമിയിൽ സൂര്യൻ അസ്തമിക്കാൻ നിമിഷങ്ങൾ ബാക്കിയിരിക്കെ ചന്ദ്രനിൽ ഇന്ത്യ ഉദിച്ചു. പൊന്നമ്പിളി ഇതാ ഇന്ത്യൻ കൈക്കുമ്പിളിൽ. നീണ്ട കാത്തിരിപ്പും ചങ്കിടിപ്പിന്റെ അവസാന നിമിഷങ്ങളും പിന്നിട്ട് ഇന്ത്യ ചന്ദ്രനെ തൊട്ടു. നാലു വർഷം മുമ്പ് അവസാനനിമിഷം കൈവിട്ട ആ സ്വപ്നം ഇന്ത്യ ഇതാ അഭിമാനപുരസ്സരം കീഴടക്കിയിരിക്കുന്നു.[www.malabarflash.com]


ഇനി ചന്ദ്രനിൽ ഇന്ത്യൻ മേൽവിലാസം. 140 കോടി ജനങ്ങൾക്കും ഇത് അഭിമാനമുഹൂർത്തം. ഐഎസ്ആർഒയിലെ ശാസ്ത്രസമൂഹത്തിന് സല്യൂട്ട് നൽകാം. അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറിയിരിക്കുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ചരിത്രവും ഇന്ത്യ ഇതോടൊപ്പം കുറിച്ചു. ഇന്ത്യയ്ക്കൊപ്പം ദക്ഷിണധ്രുവം ലക്ഷ്യമിട്ട് പോയ റഷ്യയുടെ ലൂണ 23 പാതിവഴിയിൽ തകർന്ന് വീണത് ദിവസങ്ങൾക്ക് മുമ്പാണ്. അവിടെയാണ് ഇന്ത്യ ചാന്ദ്രദൗത്യം വിജയകരമായി പൂർത്തിയാക്കി ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത്. ചന്ദ്രയാൻ 3-ന് നന്ദി. ഇന്ത്യക്കിത് ചന്ദ്രോത്സവത്തിന്റെ ഓഗസ്റ്റ് 23.

'വിക്രം' എന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്നതിനുള്ള നടപടികള്‍ വൈകീട്ട് 5.45-ന് ആരംഭിച്ചു. ബെംഗളൂരു പീനിയയിലെ ഐ.എസ്.ആര്‍.ഒ. ടെലിമെട്രി ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കിലെ (ഇസ്ട്രാക്) മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ലാന്‍ഡറിന് നിര്‍ദേശങ്ങള്‍ നല്‍കിയത്. വൈകീട്ട് 6.04-ന് ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന രാജ്യമായിമാറി ഇന്ത്യ. ഒപ്പം, ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി.

ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്ന് വേര്‍പെടുത്തി. ഓഗസ്റ്റ് അഞ്ചിന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് മാതൃപേടകമായ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് ലാന്‍ഡര്‍ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഓഗസ്റ്റ് 20-ന് പുലര്‍ച്ചെ ചന്ദ്രന്റെ ഏറ്റവും അടുത്തുള്ള (25 കിലോമീറ്റര്‍) ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 19-ന് ചന്ദ്രോപരിതലത്തില്‍നിന്ന് 70 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡര്‍ പൊസിഷന്‍ ഡിറ്റക്ഷന്‍ ക്യാമറയും (എല്‍.പി.ഡി.സി.) ഓഗസ്റ്റ് 20-ന് ലാന്‍ഡര്‍ ഇമേജര്‍ ക്യാമറ 4-ഉം പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടിരുന്നു.

Post a Comment

Previous Post Next Post