Top News

കോട്ടച്ചേരി സഹകരണ ബാങ്ക് സ്വര്‍ണ്ണ പണയ തട്ടിപ്പ് കേസില്‍ മാനേജര്‍ റിമാന്റില്‍

കാഞ്ഞങ്ങാട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ്ണ പണയ തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് ശാഖാ മാനേജര്‍ റിമാന്റില്‍. ബാങ്കിന്റെ മഡിയനിലെ ശാഖയിലെ മാനേജര്‍ ബല്ല സ്വദേശിനി നീനയാണ് കേസില്‍ അറസ്റ്റിലായത്.[www.malabarflash.com]

അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ഇവര്‍ ചൊവ്വാഴ്ച ഹോസ്ദുര്‍ഗ് എസ്.ഐ വേലായുധന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 

കേസില്‍ പ്രതിയായതിന് പിന്നാലെ നീന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. തുടര്‍ന്ന് കോടതി നീനയോട് പോലീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പോലീസില്‍ ഹാജരായ ശേഷം നീനയെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. 

അധികൃതരോ ഇടപാടുകാരോ അറിയാതെ സ്വര്‍ണം പണയപ്പെടുത്തി 58,41,000 രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. സംഭവത്തില്‍ വനിതാ മാനേജര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2020 മുതല്‍ 2023 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. 

സമീപകാലത്ത് ബാങ്കില്‍ മാനേജര്‍മാരുടെ സ്ഥലംമാറ്റം നടന്നിരുന്നു. പുതിയ മാനേജര്‍ ഇടപാടുകള്‍ പരിശോധിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്. ഇടപാടുകാര്‍ ബാങ്കില്‍ പണയപ്പെടുത്തുമ്പോള്‍ ഉപയോഗിച്ച അതേ കവര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നീനയെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നീനയെ കസ്റ്റഡിയില്‍ ആവശ്യ പെട്ട് പോലീസ് കോടതിയെ സമീപിക്കും.

Post a Comment

Previous Post Next Post