Top News

ഓടുന്ന കാറിൻ്റെ ബോണറ്റില്‍ കയറിയിരുന്ന് കല്യാണപ്പെണ്ണിൻ്റെ റീല്‍ വീഡിയോ; പിഴ ചുമത്തി പോലീസ്

ഓടുന്ന കാറിൻ്റെ ബോണറ്റില്‍ കയറിയിരുന്നുള്ള ഇന്‍സ്റ്റഗ്രാം റീല്‍ വൈറലായതിന് പിന്നാലെ യുവതിക്ക് പിഴ ചുമത്തി യു.പി. പോലീസ്. ഉത്തര്‍പ്രദേശിലെ അലാഹ്പുര്‍ സ്വദേശിയായ വര്‍ണികയ്‌ക്കെതിരേയാണ് പോലീസ് 1500 രൂപ പിഴ ചുമത്തിയത്.[www.malabarflash.com]


വര്‍ണിക ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നതിന്റെയും ഓടുന്ന കാറിൻ്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്നതിന്റെയും റീലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് നടപടി. കാറിന്റെ ഉടമയ്ക്ക് 15,500 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

വിവാഹവസ്ത്രമണിഞ്ഞാണ് വര്‍ണിക റീല്‍ വീഡിയോ ചെയ്തത്. 13 സെക്കന്റ് ദൈര്‍ഘ്യമുള്ള ആദ്യ റീലില്‍ ഹെല്‍മെറ്റ് ധരിക്കാതെ യുവതി ഇരുചക്ര വാഹനമോടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മറ്റൊരു റീലില്‍ ഇതേ വസ്ത്രങ്ങളണിഞ്ഞ് കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്ന ദൃശ്യങ്ങളും കാണാം. 

മേയ് 16-ാം തീയതി പ്രയാഗ് രാജിലെ ദേവാലയത്തിന് സമീപത്തെ റോഡില്‍വെച്ചാണ് റീല്‍ ചിത്രീകരിച്ചതെന്നും സംഭവത്തില്‍ വാഹന ഉടമയ്ക്കും യുവതിക്കും ചലാന്‍ അയച്ചതായും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post