NEWS UPDATE

6/recent/ticker-posts

ആളുകളെ പ്രാങ്ക് ചെയ്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടെ യൂട്യൂബര്‍ക്ക് വെടിയേറ്റു

വാഷിങ്ടൺ: പ്രാങ്ക് വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ യൂട്യൂബർക്ക് വെടിയേറ്റു. അമേരിക്കയിലെ ലൗഡൻ കൗണ്ടിയിലാണ് സംഭവം. 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]


സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയും വ്യൂവ്സ് വർധിപ്പിക്കാനും പലതരത്തിലുള്ള കബളിക്കൽ വീഡിയോകൾ പലരും പങ്കുവെക്കാറുണ്ട്. അത്തരത്തിൽ പ്രാങ്ക് വീഡിയോകൾ ചെയ്തിരുന്ന യൂട്യൂബറായിരുന്നു ടണർ കുക്. സൂപ്പർ മാർക്കറ്റുകളിലും മറ്റു ഇടങ്ങളില്‍ വെച്ചും ആളുകളെ പ്രാങ്ക് ചെയ്ത് വീഡിയോകൾ, അരലക്ഷത്തോളം സബ്സ്ക്രൈബേഴ്സുള്ള തന്റെ ക്ലാസിഫൈഡ് ഗൂൺസ് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ എന്ന വ്യാജേന മാളുകളിലെത്തി ആളുകളെ തമാശരൂപേണ കബളിപ്പിക്കുന്ന തരത്തിലുള്ളതാണ് കുക്ക് പങ്കുവെച്ച് മിക്ക വീഡിയോകളും.

കഴിഞ്ഞ ഞായറാഴ്ച ഡളിസ് ടൗൺ സെന്ററിൽ വെച്ച് ഇത്തരത്തിൽ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ഇയാൾക്ക് വെടിയേൽക്കുന്നതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. തൊട്ടടുത്ത് തന്നെ വീഡിയോ ചിത്രീകരിച്ചു കൊണ്ട് സുഹൃത്തും ഉണ്ടായിരുന്നു. പ്രാങ്ക് വീഡിയോ ചിത്രീകരിക്കവെ ഇയാൾ തോക്ക് വലിച്ചെടുത്ത് കുക്കിന്റെ വയറ്റിൽ വെടിവെക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഇത് പ്രധാനതെളിവാകും എന്നാണ് കുക്കിന്റെ ബന്ധുക്കൾ പറയുന്നത്.

ലീസ് ബർഗ് സ്വദേശി അലൽ കൊളിയാണ് ടണർ കുക്കിനെ വെടിവെച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇയാൾ പോലീസ് പിടിയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം താൻ തമാശരൂപേണ ചെയ്തതാണെന്നും എന്നാൽ അയാൾ അത് അത്തരത്തിൽ ഉൾക്കൊണ്ടില്ലെന്നും ടണർ കുക് മറ്റൊരു വീഡിയോയിൽ കൂടി പറഞ്ഞു.

ഗുഗിൾ ട്രാൻസ്ലേറ്റുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങൾ ചോദിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് കുക്കിന്റെ പിതാവിനെ ഉദ്ധരിച്ച് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ ടണർ പങ്കുവെച്ച വീഡിയോയ്ക്ക് നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ടാക്സി ഡ്രൈവർമാരുടെ ദേഹത്തേക്ക് ഛർദ്ദിക്കുന്ന തരത്തിലുള്ള വീഡിയോയും കടയിൽ ചെന്ന് കിടക്ക മോഷ്ടിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിച്ചതും ടണർ കുക്കിനെതിരെ വലിയ തോതിൽ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്ലാങ്ക് ചെയ്യപ്പെടുന്ന പലരും ക്ഷോഭിക്കുന്നതും ഇയാൾക്കെതിരേ തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ കാണാം.

Post a Comment

0 Comments