കാമുകിക്കൊപ്പം ജീവിക്കാൻ ഭർത്താവ് സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചെന്ന് ഭാര്യയുടെ പരാതി. കാലിഫോർണിയയിലെ സാൻ ഡീഗോയിൽ നിന്നുള്ള അനെസ റോസ്സി എന്ന യുവതിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഭർത്താവിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ടിക് ടോക്കിലൂടെയാണ് റോസ്സി ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത്.[www.malabarflash.com]
ഭർത്താവ് ടിം മെക്സിക്കോയിൽ കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി അയാളുടെതന്നെ മരണം വ്യാജമായി സൃഷ്ടിച്ച് വഞ്ചിച്ചു എന്നാണ് യുവതിയുടെ പരാതി. തന്റെ ഭർത്താവ് മരിച്ചു എന്ന് കരുതിയ താൻ അന്ത്യകർമ്മങ്ങൾക്ക് വരെ തയ്യാറെടുത്തു എന്നാണ് റോസി പറയുന്നത്. എന്നാൽ, മാസങ്ങൾക്ക് ശേഷമാണ് തന്റെ ഭർത്താവ് ജീവിച്ചിരിപ്പുണ്ടെന്നും മെക്സിക്കോയിൽ കാമുകിക്കൊപ്പം കഴിയുകയാണ് എന്നും താൻ അറിയുന്നത് എന്നാണ് റോസി ആരോപിക്കുന്നത്.
ഏകദേശം അഞ്ചു മാസങ്ങൾക്കു മുൻപാണ് തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തു എന്ന് താൻ അറിഞ്ഞത്. അതിനു മുൻപ് തന്നെ ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് തങ്ങൾ വേർപിരിഞ്ഞാണ് താമസിച്ചിരുന്നതെന്നും എന്നാൽ ഭർത്താവിൻറെ മരണവാർത്ത കേട്ടപ്പോൾ തനിക്ക് അതീവ കുറ്റബോധം തോന്നിയെന്നും തുടർന്ന് അദ്ദേഹത്തിനായുള്ള അന്ത്യകർമ്മങ്ങൾ ചെയ്യാൻ വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു എന്നും റോസി പറയുന്നു.
ടിമുമായി അകൽച്ചയിൽ ആയിരുന്നതിനാലും ടിമ്മിന്റെ മാതാപിതാക്കൾ എതിർത്തതിനാലും ഫ്ലോറിഡയിൽ നടന്ന ശവസംസ്കാര ചടങ്ങുകളിൽ റോസി പങ്കെടുത്തിരുന്നില്ല. എന്നാൽ പിന്നീട് ചില സുഹൃത്തുക്കൾ സംഭവിച്ചത് മുഴുവൻ നുണയാണെന്ന് തനിക്ക് സന്ദേശം അയച്ചപ്പോഴാണ് താൻ സത്യങ്ങൾ മനസ്സിലാക്കുന്നത് എന്നും റോസി പറയുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ടിം ആറു വർഷക്കാലമായി മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നും അവളോടൊപ്പം ജീവിക്കാൻ തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നുവെന്നും താൻ മനസ്സിലാക്കിയത് എന്നുമാണ് റോസിയുടെ ആരോപണം. ടിം ഇപ്പോൾ മെക്സിക്കോയിൽ കാമുകിയോടൊപ്പം സുഖമായി ജീവിക്കുകയാണെന്നും റോസി പറഞ്ഞു.
എന്നാൽ ഇതിനുള്ള മറുപടിയുമായി ടിമ്മും രംഗത്തെത്തി. റോസി പറയുന്നതു മുഴുവൻ കള്ളമാണെന്നും മാസങ്ങളായി തൻറെ അമ്മ കോമയിലാണ് കഴിയുന്നതെന്നും ടിം പറഞ്ഞു. റോസിയോട് പലതവണ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയ്യാറായില്ലെന്നും തുടർന്നാണ് താൻ മെക്സിക്കോയിൽ താമസിക്കാൻ തുടങ്ങിയതെന്നും ടിം പറഞ്ഞു.
0 Comments