Top News

പ്രതി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്ന് ഡിഎൻഎ കണ്ടെത്തി; പെട്രോൾ പമ്പ് ഉടമയെ കൊന്ന കേസിൽ നിർണായക തെളിവുകൾ

തൃശൂര്‍: തൃശൂർ കയ്പമംഗലം വഴിയമ്പലത്തെ പെട്രോൾ പമ്പുടമ കോഴിപ്പറമ്പിൽ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പ്രതികളുടെ കുറ്റ സമ്മത മൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് ശിക്ഷാവിധിയില്‍ നിര്‍ണായകമായത്.[www.malabarflash.com]


2019 ഒക്ടോബറിലായിരുന്നു കൊലപാതകം നടന്നത്. രാത്രി പമ്പിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന മനോഹരനെ പിന്തുടർന്ന സംഘം കാറിൽ തട്ടികൊണ്ട് പോയി. പണം കവരാൻ ശ്രമിച്ചെങ്കിലും മനോഹരന്റെ പക്കൽ ആകെ 200 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇയാളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡിൽ തള്ളുകയായിരുന്നു. 

സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളുമാണ് കേസിലേറെ നിര്‍ണായകമായത്. ഒന്നാം പ്രതി അനസ് അങ്ങാടിപ്പുറത്തുള്ള ഫഹദ് എന്ന സാക്ഷിയോട് പറഞ്ഞ കുറ്റ സമ്മത മൊഴി കോടതി മുഖവിലയ്ക്കെടുത്തു. ഒപ്പം മൂന്നാം പ്രതി ഫോണിലൂടെ ചാണ്ടി എന്ന സുഹൃത്തിനോട് കൊലപാതകം സംബന്ധിച്ച് പറഞ്ഞതും കോടതിയില്‍ പ്രസിക്യൂഷന്‍റെ പ്രധാന തെളിവുകളായി.

പ്രതികള്‍ സഞ്ചരിച്ച കാര്‍ മലപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. അതില്‍ നിന്നും രണ്ടും മൂന്നും പ്രതികളുടെ വിരലടയാളം ലഭിച്ചിരുന്നു. മൂന്നാം പ്രതി വലിച്ച് ഉപേക്ഷിച്ചുപോയ സിഗരറ്റ് കുറ്റിയില്‍ നിന്നും ഡിഎന്‍എ വേര്‍തിരിക്കാനായതും നിര്‍ണായകമായി. 

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ലഭിച്ച ചെടിയുടെ അവശിഷ്ടങ്ങള്‍ മലപ്പുറത്ത് ഉപേക്ഷിച്ച കാറില്‍ നിന്നും കണ്ടെത്തിയിരുന്നു. കേസിൽ, കയ്പമംഗലം സ്വദേശി കല്ലിപറമ്പിൽ അനസ്, കുന്നത്ത് അൻസാർ, കുറ്റിക്കാടൻ സ്റ്റിയൊ എന്നിവരെ ഇരിഞ്ഞാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ് ജഡ്ജ് കെ എസ് രാജീവാണ് ശിക്ഷിച്ചത്.

കൊലപാതകത്തിന് പുറമെ തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, തെളിവ് നശിപ്പിക്കൽ എന്നി വകുപ്പുകളിലും ശിക്ഷ ചുമത്തിയിട്ടുണ്ട്. ഏറ്റവും കൂടിയ ശിക്ഷയായ ജീവപര്യന്തം അനുഭവിച്ചാൽ മതി. ഒരു ലക്ഷം രൂപവീതം പ്രതികള്‍ പിഴ നല്‍കണം. മരിച്ച മനോഹരന്‍റെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ കേ ഉണ്ണികൃഷ്ണൻ ഹാജരായി.

Post a Comment

Previous Post Next Post