NEWS UPDATE

6/recent/ticker-posts

യുവാവിന്റെ കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ; കൊലയ്ക്ക് കാരണം വ്യക്തി വിരോധമെന്ന് പോലീസ്

മലപ്പുറം: എടവണ്ണ ലഹരി മരുന്ന് കേസിലെ പ്രതി റിഥാൻ ബേസിൽ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. റിഥാന്റെ സുഹൃത്ത് എടവണ്ണ മുണ്ടെങ്ങര സ്വദേശി ഷാൻ മുഹമ്മദാണ് പിടിയിലായത്. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.[www.malabarflash.com]


കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു എടവണ്ണ അറിയലകത്ത്
റിഥാൻ ബേസിലിനെ ചെമ്പൻ കുത്ത് മലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റ് ആണ് മരണം എന്ന് സ്ഥിരീകരിച്ച പോലീസ് ശരീരത്തിൽ നിന്നും ഒരു വെടിയുണ്ട കണ്ടെടുക്കുകയും ചെയ്തു. യുവാവിന്റെ ശരീരത്തിൽ വെടിയേറ്റ മൂന്ന് മുറിവുകളുണ്ടായിരുന്നു.

പോസ്റ്റ് മോർട്ടത്തിനിടെ വെടിയുണ്ട കണ്ടെടുത്തിരുന്നു. തലയിൽ ചെവിക്ക് മേലെയും നെഞ്ചിന് തൊട്ടു താഴെയായി വയറിലുമാണ് വെടിയേറ്റത്. വയറിലേറ്റ വെടിയുണ്ടകളിലൊന്ന് പുറത്തേക്ക് തുളച്ചു കടന്ന നിലയിലായിരുന്നു. ഇതുൾപ്പെടെ നാലു മുറിവുകളാണുണ്ടായിരുന്നത്.

കേസിൽ റിഥാനുമായി ബന്ധപ്പെട്ട 20 ലധികം പേരെ പോലീസ് ചോദ്യം ചെയ്തതിന് ശേഷം ആണ് ഷാനിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. പ്രതി കൃത്യം ചെയ്യാൻ ഉദ്ദേശിച്ച് റിഥാനെ ചെമ്പൻ കുത്ത് മലയിലേക്ക് വിളിച്ച് വരുത്തുക ആയിരുന്നു.

റിഥാൻ ബാസിലിനെ വെടിവെച്ച് കൊന്നതെന്ന് പ്രതി സമ്മതിക്കുകയും, വെടിവെയ്ക്കാൻ ഉപയോഗിച്ച തോക്ക് വീട്ടിലുണ്ടെന്നും സമ്മതിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷാനും റിഥാനും സുഹൃത്തുകൾ ആയിരുന്നു. ലഹരി കടത്ത് ശൃംഖലയിലെ കണ്ണികളുമായിരുന്നു. വ്യക്തി വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.

മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പാണ് റിഥാൻ ജയിൽ മോചിതനായത്. തന്നെ ചിലർ ലഹരി കേസിൽ കുടുക്കിയെന്നും റിഥാൻ പറഞ്ഞിരുന്നു. മുൻപ് ഷാനിൻ്റെ സഹോദരൻ വാഹന ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസിൽ പോലീസ് പിടിയിലായിരുന്നു. ഇക്കാര്യത്തിലും റിഥാന്റെ ഇടപെടലിനെ കുറിച്ച് ഷാന് സംശയം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ എല്ലാം ഉള്ള വൈരാഗ്യം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് കരുതുന്നത്.

പിസ്റ്റൾ ഉപയോഗിച്ചാണ് കൊല നടത്തിയത്. പ്രതിയെ എടവണ്ണ മുണ്ടേങ്ങരയിലെ പ്രതിയുടെ വീട്ടിലും സംഭവം നടന്ന ചെമ്പകുത്ത് മലയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. മുണ്ടേങ്ങരയിലെ വീട്ടിൽ വിറക്പുരക്കുള്ളിൽ വിറകിനടയിൽ പായിൽ കെട്ടി ഒളിപ്പിച്ച നിലയിലാണ് വെടിവെയ്ക്കാൻ ഉപയോഗിച്ച് തോക്ക് സൂക്ഷിച്ചിരുന്നത്. 7 ബുള്ളറ്റുകൾ വെടിവെയ്ക്കാൻ ഉപയോഗിച്ചു എന്നും, ഷാനിൻ്റെ പണി തീരാത്ത പുതിയ വീട്ടിൽ വെച്ചാണ് തിരകൾ നിറക്കുന്നതുൾപ്പെടെയുള്ള പ്ലാനിംഗ് നടത്തിയതെന്നും പ്രതി മൊഴി നൽകി.

ചെമ്പകുത്ത് മലയിൽ എത്തിച്ച പ്രതി വെടിവെച്ച രീതികളും മറ്റും പോലീസിനോട് വിവരിച്ചു. തെളിവെടുപ്പിന് പ്രതിയെ കൊണ്ടു വരുന്നു എന്ന വിവരത്തെ തുടർന്ന് വലിയ ജനകൂട്ടമാണ് തടിച്ച് കൂടിയത്. കേസിൽ മറ്റാരെങ്കിലും ഷാനിനെ സഹായിച്ചോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടന്നതിൻ്റെ മൂന്നാം ദിവസം പ്രതിയെ അറസ്റ്റ് ചെയ്യാനായത് നേട്ടമായാണ് പോലീസ് വിലയിരുത്തുന്നത്

Post a Comment

0 Comments