Top News

മതം മാറ്റം സ്വന്തം ഇഷ്​ടപ്രകാരം, നുണക്കഥ ​പ്രചരിപ്പിച്ച്​​ ചിലർ വിദ്വേഷമുണ്ടാക്കുന്നു -ആയിഷ എന്ന ആതിര മോഹൻ

ജിദ്ദ: പഠനത്തി​ന്റെ അടിസ്ഥാനത്തിലാണ്​ ത​ന്റെ മതംമാറ്റമെന്നും അതി​ന്റെ പേരിൽ നുണക്കഥകൾ പ്രചരിപ്പിച്ച്​ വിദ്വേഷമുണ്ടാക്കാനാണ്​ ചിലർ ശ്രമിക്കുന്നതെന്നും ആയിഷയായി മാറിയ തൃശൂർ ചേറ്റുപുഴ സ്വദേശി ആതിര മോഹൻ. ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.[www.malabarflash.com] 

മലയാളത്തിലെ ചില ഓൺലൈൻ ചാനലുകളാണ്​ തനിക്കെതിരെ കളവ്​ പ്രചരിപ്പിക്കുന്നത്​. ലൗ ജിഹാദിൽ പെട്ടെന്നും സിറിയയിൽ കൊണ്ടുപോവുകയാണെന്നും പ്രചരിപ്പിക്കുന്നു. ഇതിൽ യാതൊരു വാസ്തവവും ഇല്ല. ​ത​ന്റെ മുൻഭർത്താവ് ബെന്നി ആന്റണി പൊലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതിയിൽ പറയുന്നതെല്ലാം നുണയാണ്​.

2013ൽ പ്രണയവിവാഹം നടത്തിയെങ്കിലും അതിന്​ ശേഷം ഇയാൾ നിരന്തരമായി എന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടിൽ വന്ന് നിരന്തരം മർദിക്കുമായിരുന്നു. ഇത് സഹിക്ക വയ്യാതെയാണ് താൻ സൗദിയിൽ ജോലി തേടിയെത്തിയത്​. ജിദ്ദയിലെത്തിയ ശേഷവും കുഞ്ഞി​ന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തി​ന്റെ നല്ലൊരു പങ്ക് ഇയാൾക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഇയാൾ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങൾക്കും ഈ പണം ധൂർത്തടിക്കുകയായിരുന്നു. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാൻ തയാറായില്ല. അതിനാൽ കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ തമ്മിൽ നല്ല ബന്ധത്തിൽ അല്ല.

രണ്ടുവർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാൾ വിട്ടു തരാത്തതാണ്. ഞാൻ വേണ്ടെന്ന് വെച്ചതല്ല. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെയാണ് ബന്ധം ഉപേക്ഷിച്ചത്​. ഞാൻ വിവാഹമോചനത്തിന്​ നോട്ടീസ് അയച്ചിട്ട് കുറേ ആയി. അതി​ന്റെ നടപടികൾ നടന്നുവരികയാണ്.

ധൂർത്തടിക്കാൻ പണം കിട്ടാത്തതിനാൽ അയാൾ പല വഴിക്കും എന്നെ പാട്ടിലാക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാൻ മതം മാറാൻ തീരുമാനിച്ചത്. ഇതിൽ ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്​ പോലെ ഞാൻ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്ക്​ അധികൃതർക്കോ മറ്റാർക്കെങ്കിലുമോ ഒരു പങ്കുമില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. ചില സുഹൃത്തുക്കൾ സഹായിച്ചിട്ടുണ്ട്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തി​ലെ അധികൃതർക്ക് ഏതെങ്കിലും തരത്തിൽ മനസറിവുപോലുമുള്ള കാര്യമല്ല ഇതെന്നും ആയി​ശ പറഞ്ഞു.

ബെന്നി ആന്റണി ഓൺലൈൻ ന്യൂസിനോട് പറഞ്ഞത് മുഴുവനും കളവാണ്​. താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും മറ്റും പ്രചരിപ്പിച്ച് തന്നെ കരിവാരിത്തേക്കാൻ ഇയാൾ ശ്രമിക്കുകയാണ്. ഞാൻ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. റാബിഖ്​​ എന്ന സ്ഥലത്ത് വെച്ചാണ് മതം മാറിയത്. ഇസ്​ലാമിനെ കുറിച്ച് പഠിച്ച ശേഷം സ്വന്തം ഇഷ്​ടപ്രകാരമാണ് ഞാൻ മാറിയതെന്നും ആയിശ പറഞ്ഞു. ആശുപത്രി മാനേജ്മെന്റിനെതിരെ വളരെ മോശമായാണ് ബെന്നി ദുഷ്​പ്രചാരണം നടത്തുന്നത്​. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. എന്നിട്ടും ബെന്നിയും കൂട്ടരും ആശുപത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പൊലീസിൽ കൊടുത്ത പരാതിയിൽ ആശുപത്രി അധികൃതർ ത​ന്റെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു, ദുരുപയോഗം ചെയ്തു തുടങ്ങിയ നുണകൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇതെല്ലാം പൂർണമായും തെറ്റാണെന്നും നിഷേധിക്കുന്നുവെന്നും ആയിഷ പറഞ്ഞു.

Post a Comment

Previous Post Next Post