NEWS UPDATE

6/recent/ticker-posts

ദുബൈ ടാക്സി ഡ്രൈവർമാർ തിരികെ നൽകിയത് മറന്നുവച്ച വജ്രം, സ്വർണം എന്നിവയടക്കം 56 ലക്ഷം ദിർഹം

ദുബൈ: വജ്രങ്ങളടങ്ങിയ ബാഗ്, പണം, മൊബൈൽ ഫോൺ, ലാപ് ടോപ്പ്, സ്വർണാഭരണങ്ങൾ... ദുബൈയിലെ ടാക്സി ഡ്രൈവർമാർ കഴിഞ്ഞ വർഷം യാത്രക്കാർക്ക് തിരികെ നൽകിയത് അവർ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കളടക്കം 56 ലക്ഷം ദിർഹം. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ 101 ഡ്രൈവർമാർ 10 ലക്ഷം ദിർഹം വിലയുള്ള വജ്രങ്ങൾ അടങ്ങിയ ബാഗ് ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകിയതായി അറിയിച്ചു.[www.malabarflash.com]


ഒരു ഡ്രൈവർ തന്റെ ടാക്സിയിലിരുന്ന 36 ലക്ഷം ദിർഹം തിരികെ നൽകി. 2 ലക്ഷം ദിർഹം അടങ്ങിയ ഒരു പ്ലാസ്റ്റിക് ബാഗ്, 4 ലക്ഷം ദിർഹം വിലമതിക്കുന്ന ബ്രാൻഡഡ് വാച്ചുകൾ, ഹാൻഡ്‌ബാഗുകൾ എന്നിവയും ഇതിലുൾപ്പെടുന്നു. മറ്റൊരു ഡ്രൈവർ തൊഴിലുടമയ്ക്ക് 1,83,000 ദിർഹം കൈമാറി. മറ്റുള്ളവർ 2ലക്ഷം ദിർഹവും 2,21,000 ദിർഹവും തിരികെ നൽകി. 12,410 മൊബൈൽ ഫോണുകൾ, 2,819 ഇലക്‌ട്രോണിക് ഉപകരണങ്ങൾ, 342 ലാപ്‌ടോപ്പുകൾ എന്നിവയും ഡ്രൈവർമാർ തിരികെ നൽകിയിട്ടുണ്ട്.

ഡ്രൈവർമാരുടെ സത്യസന്ധതയെ ആർ‌ടി‌എ അഭിനന്ദിക്കുകയും അവരെ ആദരിക്കുകയും ചെയ്തതായി അറിയിച്ചു. നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ വസ്തുക്കൾ ഉടമകളെ ഏൽപിച്ച ഡ്രൈവർമാരെക്കുറിച്ചുള്ള റിപോർട്ടുകൾ എല്ലാവർക്കും സന്തോഷം നൽകുന്നതാണെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി ചീഫ് എക്‌സിക്യൂട്ടീവ് അഹമ്മദ് ബഹ്‌റോസിയാൻ പറഞ്ഞു. 

സത്യസന്ധത, നല്ല പെരുമാറ്റം, ഉത്തരവാദിത്തം എന്നിവയുടെ മികച്ച ഉദാഹരണങ്ങൾ അവർ കാഴ്ചവച്ചു. ഡ്രൈവർമാരുടെ പെരുമാറ്റം അവരുടെ നന്മ വെളിപ്പെടുത്തുന്നതായും ദുബൈയിലെ ഗതാഗത സംവിധാനങ്ങൾക്ക് നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഡ്രൈവർമാരുടെ സത്യസന്ധത, ഉയർന്ന ധാർമികത, എന്നിവയ്ക്ക് പ്രതിഫലം നൽകുന്നതിനായി ഡ്രൈവർമാരെ ആദരിക്കുന്നതിൽ ആർടിഎ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആദരിക്കപ്പെട്ട ഡ്രൈവർമാർ കൂടുതലും ഏഷ്യക്കാരാണ്.

Post a Comment

0 Comments