Top News

ഇടിമിന്നലേറ്റ് രണ്ടു മരണം; അപകടം സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നതിനിടെ

കോട്ടയം: മഴയില്ലാതെ ഉണ്ടായ ഇടിമിന്നലിലേറ്റ് രണ്ട് പേർ മരിച്ചു. മുണ്ടക്കയം അമരാവതി കപ്പിലാമൂട് തടത്തേൽ സുനിൽ (47), സുനിലിന്റെ സഹോദരീ ഭർത്താവ് നിലയ്ക്കൽ നാട്ടുപറമ്പിൽ രമേശ് (ഷിബു – 43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.[www.malabarflash.com]


കുടുംബ വീടിന്റെ സമീപം സ്ഥലം വീതം വയ്ക്കുന്ന നടപടികൾക്കായി അളന്നു തിട്ടപ്പെടുത്തുകയായിരുന്നു ഇവർ. ഇതിനിടെ ഇരുവർക്കും ഇടിമിന്നലേൽ‌ക്കുകയായിരുന്നു. കുടുംബ വീടിന്റെ മുകൾ ഭാഗത്തെ കോൺക്രീറ്റ് തകർന്ന് തെറിച്ചുവീണു. ഈ ഭാഗത്താണ് ഇരുവരും നിന്നിരുന്നത്. ഒരാളുടെ കയ്യിൽ ഇരുമ്പ് കമ്പിയും ഉണ്ടായിരുന്നതായി ഒപ്പമുണ്ടായിരുന്നവർ പറയുന്നു.

ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുനിലിന്റെ മാതാവ് ലക്ഷ്മിയാണ് കുടുംബവീട്ടിൽ താമസിക്കുന്നത്. ഇതിന് സമീപമുള്ള സുനിലിന്റെ വീട്ടിൽ ഭാര്യ സിന്ധുവും ഉണ്ടായിരുന്നു.

ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ഇടിമിന്നലേറ്റ് ഒരു തെങ്ങും കൊക്കോമരവും ഉണങ്ങിപ്പോയിരുന്നു. 

ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. അർജുനാണ് സുനിലിന്റെ ഏക മകൻ. രമേശിന്റെ ഭാര്യ സുജാത.

Post a Comment

Previous Post Next Post