ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. നേരില്‍ കാണാന്‍ വെന്പല്‍കൊണ്ട് കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി വഴിപിഴയ്ക്കാതെ വീട്ടില്‍ വന്നുകയറിയതായിരുന്നു കാമുകി. രണ്ടുദിവസം മുന്‍പ് കാളികാവ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കാമുകന്റെ പ്രായം 22. ഇന്‍സ്റ്റാഗ്രാമില്‍ യുവാവ് അത് മറച്ചുവെച്ചില്ല. കാമുകി പക്ഷേ, 18 വയസ്സാണ് പറഞ്ഞത്. അതിന്റെ എത്രയോ കൂടുതലാണെന്ന് വീട്ടില്‍ വന്നുകയറുമ്പോള്‍ മാത്രമാണ് മനസ്സിലായത്; 22 വയസ്സുള്ള മകന്‍ ഉണ്ടെന്നും.
ഇവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്നായിരുന്നു നിലപാട്. കാമുകന്‍ അലമുറയിട്ടുകരഞ്ഞു. ഒടുവില്‍ പോലീസിന്റെ സഹായംതേടി. സ്ത്രീയെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ നേരത്തേ കോഴിക്കോട് പോലീസില്‍ പരാതിപ്പെട്ടിരുന്നു.
വിവരം ലഭിച്ച് കോഴിക്കോട്ടുനിന്ന് ബന്ധുക്കള്‍ കാളികാവിലെത്തി. കാമുകന്‍ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. പോലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനെ കൈകാര്യംചെയ്യാനുള്ള ആസൂത്രണവുമായാണ് അവര്‍ വന്നത്. ഇത് മനസ്സിലാക്കി പോലീസ് സ്റ്റേഷനില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇറങ്ങിയ കാമുകനെ ബന്ധുക്കള്‍ ഇടവഴിയിലൂടെ കുടുംബവീട്ടിലേക്കു മാറ്റി രക്ഷിച്ചെടുത്തു. കാമുകിയെ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയുംചെയ്തു.
0 Comments