NEWS UPDATE

6/recent/ticker-posts

കോവിഡ് ഉത്ഭവിച്ചത് വുഹാനിലെ റക്കൂൺ നായ്ക്കളിൽ നിന്നോ? പുതിയ പഠനറിപ്പോർട്ട് പുറത്ത്

കോവിഡ് 19 ന്റെ ഉത്ഭവത്തെക്കുറിച്ച് പല പഠനങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. വൈറസിൻറെ ഉത്ഭവം സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കും പഠനങ്ങൾക്കും ഇപ്പോഴും കുറവൊന്നുമില്ല. ചൈനയിലെ വുഹാനിലുള്ള ലാബിൽ നിർമ്മിച്ചതാണ് നോവെൽ കൊറോണ വൈറസെന്ന് അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യനാടുകളിലെ മാധ്യമങ്ങൾ ആരോപണം ഉന്നയിച്ചിരുന്നു.[www.malabarflash.com]

എന്നാൽ കൊറോണ വൈറസ് ഒരു ലാബിൽ നിർമിച്ചു എന്നതിന് തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കോവിഡ് 19 ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ മാർക്കറ്റിലെ റാക്കൂൺ നായ്കളിൽ നിന്നാകാൻ സാധ്യതയുണ്ടെന്നാണ് എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ഒരു പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചൈനയിലെ വുഹാനിലെ സീഫുഡ് മാർക്കറ്റിൽ റാക്കൂൺ നായ്ക്കളുടെ മാംസം അനധികൃതമായി വിൽപ്പന നടത്തിയിരുന്നു. ഇവയിൽ നിന്നാകാം മനുഷ്യരിലേക്ക് രോഗം പടർന്നതെന്നാണ് നിഗമനം. ക്രിസ്റ്റൻ ആൻഡേഴ്‌സൺ,മൈക്കൽ വെറോബോയ്,എഡ്വേഡ് ഹോംസ് എന്നീ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് നേതൃത്വം നൽകിയത്.

വിപണിയിൽ നിന്ന് ലഭിച്ച ജനിതക ശ്രേണികളുടെ പുതിയ പരിശോധിച്ചപ്പോൾ 2019 അവസാനത്തിൽ നിയമവിരുദ്ധമായി വിൽക്കപ്പെട്ട റാക്കൂൺ നായ്ക്കളിൽ വൈറസ് ഉള്ളതായി കണ്ടെത്തി. വൈറസുകൾ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞൻമാരിൽ നിന്നല്ല, SARS-CoV-2 മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ചപ്പോഴാണ് മ​ഹാമാരി പൊട്ടിപ്പുറപ്പെട്ടത് എന്നതിന്റെ ഏറ്റവും ശക്തമായ തെളിവാണിത് എന്ന് വിദഗ്ധർ അറ്റ്ലാന്റിക്കിനോട് പറഞ്ഞു.

ആദ്യകാല കോവിഡ് ക്ലസ്റ്ററുകളിലൊന്നായ ഹുവാനൻ സീഫുഡ് മാർക്കറ്റിൽ നിന്നാണ് ​ഗവേഷണ സംഘം സാംപിളുകൾ ശേഖരിച്ചത്. 2020 ജനുവരി, ഫെബ്രുവരി മാസത്തോടെ മാർക്കറ്റ് അടച്ചുപൂട്ടുകയും മൃഗങ്ങളെ സ്ഥലത്തും നീക്കം ചെയ്യുകയും ചെയ്യുന്നതിനുമുമ്പ് ശേഖരിച്ച ‍സാംപിളുകളാണ് പരിശോധിച്ചത്.

കുറുക്കനോട് സാമ്യമുള്ള റക്കൂൺ നായ്ക്കൾ കോവിഡ് രോഗത്തിന് കാരണമാകുന്ന SARS-CoV-2 ന് സമാനമായ വൈറസുകൾ വഹിക്കുന്നവയും അത് വ്യാപിപ്പിക്കുന്നവയുമാണ്. റാക്കൂൺ നായ്ക്കളുടെ ചില ഡിഎൻഎ സാമ്പിളുകളിൽ SARS-CoV-2 ടെസ്റ്ഖ് പോസിറ്റീവ് ആയിരുന്നു. റക്കൂണുകളുടേത് മാത്രമല്ല സിവെറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് സസ്തനികളുടെ സാമ്പിളുകളിലും ഈ ഫലം പൊസിറ്റീവ് ആയിരുന്നു.

എന്നാൽ കൊവിഡ് ബാധിച്ച റക്കൂണുകളിൽ നിന്നോ മറ്റ് മൃഗങ്ങളിൽ നിന്നോ ആണ് കോവിഡ് മഹാമാരിയുടെ ആരംഭം എന്ന് ഇതുവരെ സ്ഥിരീരിച്ചിട്ടില്ല. ഇതിന് സാധ്യതയുണ്ട് എന്നാണ് ​ഗവേഷകർ പറയുന്നത്. ഈ പഠനഫലം കൊണ്ടു മാത്രം റാക്കൂൺ നായ്ക്കളാണ് കോവിഡ് മനുഷ്യരിലേക്ക് പടർത്തിയെന്ന് തെളിയിക്കാനാകില്ല. എന്നാൽ ഇത്തരം വന്യ മൃഗങ്ങളിൽ നിന്നാകാം രോഗം വ്യാപിച്ചതെന്ന് ഗവേഷകർ പറയുന്നു.

അമേരിക്കയിലെ വലതുപക്ഷ വാർത്താ ഏജൻസികൾ വവ്വാലുകളിൽ കൊറോണ വൈറസുകളെക്കുറിച്ച് ഗവേഷണം നടത്തിയ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നാകാം വൈറസ് പുറത്തു വന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള യുഎസ് ധനസഹായം പോലും താൽക്കാലികമായി നിർത്തിവെച്ചിരുന്നു.

Post a Comment

0 Comments