Top News

ഇന്‍സ്റ്റഗ്രാമില്‍ ആഡംബര ജീവിതം കാണിക്കാന്‍ മോഷണം; യുവതി അറസ്റ്റില്‍

ചെന്നൈ: സമൂഹ മാധ്യമങ്ങളില്‍ ആഡംബര ജീവിതം കാണിക്കാനായി പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനീഷ കുമാരി (33) എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് അറസ്റ്റിലായത്.[www.malabarflash.com]


തന്റെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും യുവതി പോലീസിനോട് അഭ്യര്‍ഥിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടിലായിരുന്നു അനീഷ മോഷണം നടത്തിയത്. വീട്ടില്‍ ആളില്ലാത്ത സമയം നോക്കി യുവതി അകത്ത് കടന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നു. വീട്ടുടമസ്ഥര്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലീസ് വീടിനടുത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തി. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വാഹനം അനീഷയുടേതാണെന്ന് കണ്ടെത്തിയത്. പിന്നീട് യുവതിയെ അറസ്റ്റ് ചെയ്യുകയും ഇവരുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം കണ്ടെടുക്കുക്കുകയുമായിരുന്നു.

താന്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്റെ ഫോളോവേഴ്‌സിനെ കാണിക്കാനാണ് മോഷണം നടത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post