NEWS UPDATE

6/recent/ticker-posts

പെർഫ്യൂം കുപ്പിക്കുള്ളിലും സ്വർണക്കടത്ത്; രണ്ടു കേസുകളിലായി കരിപ്പൂരിൽ പിടികൂടിയത് 70 ലക്ഷം രൂപയുടെ സ്വർണം

മലപ്പുറം: സ്വർണം കടത്താൻ വേറിട്ട വഴികൾ പരീക്ഷിക്കുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. പെർഫ്യൂം കുപ്പിക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ആയിരുന്നു കള്ളക്കടത്ത് സംഘങ്ങളുടെ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ പെർഫ്യൂം കുപ്പിക്കുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1.25 കിലോഗ്രാമോളം സ്വർണമാണ് രണ്ടു കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.[www.malabarflash.com]


എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും കോഴിക്കോട് മാത്തോട്ടം സ്വദേശി അസ്താക് നജ്മൽ (26) കൊണ്ടുവന്ന ബാഗേജിനുള്ളിലുണ്ടായിരുന്ന മൂന്നു പെർഫ്യൂം കുപ്പികൾ കസ്റ്റംസ്‍ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. കുപ്പികളുടെ അടപ്പിനുള്ളിൽ അതിവിദഗദ്ധമായി ഒളിപ്പിച്ചുവച്ചിരുന്ന 287 ഗ്രാം തൂക്കമുള്ള വെള്ളിനിറത്തിലുള്ള നിരവധി ചെറിയ ലോഹകഷണങ്ങൾ ലഭിക്കുകയുണ്ടായി. അവ സ്വർണ പണിക്കാരന്റെ സഹായത്തോടെ വേർതിരിച്ചെടുത്തപ്പോൾ 279 ഗ്രാം തൂക്കമുള്ള വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന തങ്കം ആണ് ലഭിച്ചത്.

മറ്റൊരു കേസിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ റിയാദിൽ നിന്നും വന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അൽതാബ് ഹുസൈനിൽ (32) നിന്നും ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്ന 1078ഗ്രാം സ്വർണമിശ്രിതം അടങ്ങിയ 4 ക്യാപ്സ്യൂളുകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. ഈ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തശേഷം അൽതാബിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം അൽതാബിനു 80000 രൂപയും അസ്താകിനു 15000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.

ഈ രണ്ടു കേസുകളുമായി ബന്ധപ്പെട്ട് എയർ കസ്റ്റംസ്‍ സമഗ്ര അന്വേഷണം നടത്തി വരികയാണ്. അസിസ്റ്റന്റ് കമ്മിഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, മനോജ്‌ എം, അഭിലാഷ് സി, വീണ ധർമരാജ്, മുരളി പി, ഇൻസ്‌പെക്ടർമാരായ ദുഷ്യന്ത് കുമാർ, അക്ഷയ് സിങ്, സുധ ആർ എസ് എന്നിവർ ചേർന്നാണ് ഈ സ്വർണ കള്ളക്കടത്ത് പിടികൂടിയത്.

Post a Comment

0 Comments