Top News

'അന്യമതത്തില്‍പ്പെട്ടവരെ കാഫിര്‍ എന്ന് വിളിക്കരുത്'; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച്ച സംബന്ധിച്ച വെളിപ്പെടുത്തലുമായി ആര്‍എസ്എസ് നേതാവ്

ന്യൂഡല്‍ഹി: ആര്‍എസ്എസ് - ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച്ച സംബന്ധിച്ച വെളിപ്പെടുത്തലുമായി ആര്‍എസ്എസ് ദേശീയ നിര്‍വാഹക സമിതി അഗം ഇന്ദ്രേഷ് കുമാര്‍. ലൗ ജിഹാദ്, ഇതര മതസ്ഥരെ കാഫിര്‍ എന്ന് വിളിക്കല്‍, ആരാധനാലയങ്ങള്‍ തകര്‍ക്കല്‍, ഗോവധം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായതായി അദ്ദേഹം ദി ന്യൂ ഇന്ത്യന്‍ എക്പ്രസിനോട് പറഞ്ഞു. ഇത്തരം ചര്‍ച്ചകള്‍ സംസ്ഥാന - ജില്ലാ തലങ്ങളിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.[www.malabarflash.com]


ഇന്ത്യയില്‍ നിരവധി മുസ്ലീം സംഘടനകളുണ്ട്. ആര്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ അവര്‍ ആഗ്രഹിച്ചു. മറ്റുള്ളവരുടെ നേരെയുള്ള തെറ്റിദ്ധാരണ നീക്കാന്‍ രാഷ്ട്രീയേതര സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് മുസ്ലീം സംഘടനകള്‍ക്കിടയില്‍ ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷം ഈ സംഘടനകളുമായി ചര്‍ച്ച നടത്താന്‍ ആര്‍എസ്എസിനെ അവര്‍ ക്ഷണിച്ചു. ആര്‍എസ്എസുമായി ദേശീയതലത്തില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു അവരുടെ ആവശ്യമെന്നും ഇന്ദ്രേഷ് കുമാര്‍ ടിഎന്‍ഐഇയോട് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായി ചര്‍ച്ച നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കെ എസ് സുദര്‍ശന്‍ ആര്‍എസ്എസ് തലവനായിരിക്കെയാണ് ആദ്യ യോഗം നടന്നതെന്ന് ഇന്ദ്രേഷ് കുമാര്‍ വ്യക്തമാക്കി. ഇപ്പോള്‍ ചര്‍ച്ചകള്‍ പല രൂപത്തിലാണ് പുരോഗമിക്കുന്നത്. മോഹന്‍ ഭാഗവതും വൈ എസ് ഖുറേഷി, നജീബ് ജംഗ് തുടങ്ങിയ മുസ്ലീം നേതാക്കളും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയെ 'മനസ്സുകളുടെ സംഗമം' (മീറ്റിംഗ് ഓഫ് മൈന്‍ഡ്‌സ്) എന്നാണ് വിളിക്കുന്നത്. കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയും നൂറു സ്ഥലങ്ങളില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് സംവാദങ്ങള്‍ സംഘടിപ്പിക്കും. മുസ്ലീം-ഹിന്ദു സമുദായങ്ങള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരിഹരിക്കുകയാണ് അവരുടെ ലക്ഷ്യം. ഈ വര്‍ഷം ജനുവരി 30, 31 തീയതികളില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മധ്യേഷ്യന്‍ രാജ്യങ്ങളുടെയും ആര്‍എസ്എസിന്റെയും പ്രതിനിധികളുമായി അവര്‍ കൂടിക്കാഴ്ച സംഘടിപ്പിച്ചിരുന്നു. 11 രാജ്യങ്ങളില്‍ നിന്നുള്ള അമ്പതോളം പേര്‍ ഇതില്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

അന്യമതത്തില്‍പ്പെട്ടവരെ 'കാഫിര്‍' എന്ന് വിളിക്കരുതെന്ന് മുസ്ലീം സംഘടനകളോട് യോഗത്തില്‍ ആവശ്യപ്പെട്ടുവെന്ന് ഇന്ദ്രേഷ് കുമാര്‍ വെളിപ്പെടുത്തി. ഇന്ത്യയില്‍ എല്ലാവരും വിശ്വാസികളാണ്. അതിനാല്‍ അവരെ 'കാഫിര്‍' എന്ന് വിളിക്കുന്നത് തെറ്റാണ്. ലോകം വിശ്വാസികളാല്‍ നിറഞ്ഞിരിക്കുന്നു. രണ്ടാമതായി, ബോംബ് ചുമക്കുന്ന ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ മനുഷ്യനെന്ന് വിളിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ചോദിച്ചു. അവര്‍ തീവ്രവാദികളാണ്, അവരെ അപലപിക്കേണ്ടിയിരിക്കുന്നു. മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. ലൗ ജിഹാദിലൂടെയോ മറ്റെന്തെങ്കിലും മാര്‍ഗങ്ങളിലൂടെയോ ഒരു തരത്തിലുള്ള മതപരിവര്‍ത്തനത്തിലും ഏര്‍പ്പെടില്ലെന്ന് അവര്‍ പ്രതിജ്ഞയെടുക്കണം. എല്ലാ മതങ്ങളെയും ബഹുമാനിക്കുക എന്നതാണ് ഇന്ത്യന്‍ രീതി. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉപയോഗിക്കുന്നതിനെതിരെ ഇത്രയധികം വിദ്വേഷം എന്തിനാണ്? എന്തുകൊണ്ടാണ് മുസ്ലീം സംഘടനകള്‍ ഇതിനെ എതിര്‍ക്കുന്നത്? ഗോവധ വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതായി അദ്ദേഹം വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ശരിയായ കാര്യമല്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയതായി ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. അവരും ഇതേ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു. പശുവിനെ കൊല്ലാമെന്ന് ഖുര്‍ആനില്‍ ഒരു വരി പോലും ഇല്ലെന്ന് അവര്‍ സമ്മതിച്ചു. പാലും നെയ്യും മനുഷ്യരാശിയുടെ സൗന്ദര്യത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീകമാണെന്ന് മുഹമ്മദ് നബി പറഞ്ഞു. അതിനാല്‍ പശുവിന്റെ മാംസം ഒഴിവാക്കണം. മുസ്ലീങ്ങള്‍ മറ്റ് മതങ്ങളുടെ വിശ്വാസത്തെയും സംവേദനക്ഷമതയെയും ബഹുമാനിക്കണം. ഹിന്ദുക്കള്‍ക്ക് പശു അമ്മയെപ്പോലെയാണ്. പിന്നെ എന്തിനാണ് അവര്‍ വികാരങ്ങളെ വ്രണപ്പെടുത്തുന്നത്? അതൊരു കുറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post