Top News

തുര്‍ക്കി ഭൂകമ്പം: ഒമ്പത് ദിവസത്തിന് ശേഷവും ജീവന്റെ തുടിപ്പ് കണ്ടെത്തി; സഹോദരന്മാരെ രക്ഷപ്പെടുത്തി

ദുബൈ: ഭൂകമ്പത്തില്‍ തകര്‍ന്ന തുര്‍ക്കിയിലെ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒമ്പത് ദിവസത്തിനിപ്പുറവും ജീവന്റെ തുടിപ്പ് കണ്ടെത്താനായെന്ന് അറിയിച്ച് യുഎഇ രക്ഷാ ദൗത്യ സംഘം. തുര്‍ക്കിയിലെ കഹ്‌റമാന്‍മറാഷില്‍ നിന്നാണ് ഒമ്പത് ദിവസം പിന്നിട്ട രണ്ട് പേരെ ജീവനോടെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.[www.malabarflash.com]

സഹോദരന്മാരായ ബക്കി യെനിനാര്‍ (21), മുഹമ്മദ് എനസ് യെനിനാര്‍ (17) എന്നിവരെയാണ് 200 മണിക്കൂറിന് ശേഷം കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിയിലെ ഇമാറാത്തി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ കമാന്‍ഡര്‍ കേണല്‍ ഖാലിദ് അല്‍ ഹമ്മാദിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തില്‍ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ട പ്രദേശമാണ് കഹ്‌റമാന്‍മറാഷ്. ഭൂകമ്പത്തില്‍ അകപ്പെട്ടവരെ സഹായിക്കാനും രക്ഷിക്കാനും യുഎഇ പ്രഖ്യാപിച്ച 'ഗാലന്റ് നൈറ്റ്-2' ഓപ്പറേഷന്റെ ഭാഗമായാണ് ഇമാറാത്തി രക്ഷാപ്രവര്‍ത്തകര്‍ തുര്‍ക്കിയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. 

ഭൂകമ്പത്തിന്റെ ആദ്യദിനം മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന യുഎഇ സംഘം തുര്‍ക്കിയിലും സിറിയയിലും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് രക്ഷപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളില്‍ ഇനിയും ജീവനോടെ പലരും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും തെരച്ചില്‍ തുടരുമെന്നും കേണല്‍ ഖാലിദ് അല്‍ ഹമ്മാദി പറഞ്ഞു.

Post a Comment

Previous Post Next Post