Top News

രണ്ടു വർഷം അന്വേഷിച്ച് കണ്ടെത്താൻ കഴിയാത്ത വിഗ്രഹം പന്തിന് പിറകെ പാഞ്ഞ കുട്ടികൾക്ക് ലഭിച്ചു

കാസർകോട്: മിയാപദവ് ചിഗറുപാദയിലെ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് മോഷണം പോയ പഞ്ചലോഹത്തില്‍ തീര്‍ത്ത വിഗ്രഹം ക്ഷേത്രത്തിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. മതിലിന് സമീപം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുറ്റിക്കാട്ടില്‍ വീണ പന്തെടുക്കാന്‍ പോയ കുട്ടികളാണ് വിഗ്രഹം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.[www.malabarflash.com]


വിവരമറിഞ്ഞെത്തിയ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വിഗ്രഹം ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. 2020 ഓഗസ്റ്റ് 10 നാണ് ശ്രീകോവിലില്‍ നിന്ന് വിഗ്രഹം മോഷണം പോയത്. 

വെള്ളിയില്‍ നിര്‍മിച്ച രണ്ട് ജോഡി തൃക്കണ്ണ്, കലശപ്പാത്രം, തളിക, ഗ്ലാസ്, സ്പൂണ്‍ എന്നിവയും രുദ്രാക്ഷമാലയും മോഷണം പോയിരുന്നു. പൂജാരിയുടെ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് ശ്രീകോവിലിനുള്ളില്‍ കടന്നിരുന്നത്.

ക്ഷേത്ര കമിറ്റി മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയും പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും വിഗ്രഹം കണ്ടെത്താനായിരുന്നില്ല. പുതിയ വിഗ്രഹത്തിലാണ് പൂജ നടത്തിവരുന്നത്. ക്ഷേത്രത്തില്‍ വാര്‍ഷിക ഉത്സവം നടക്കുന്നതിനിടെയാണ് മോഷണം പോയ വിഗ്രഹം ഇപ്പോള്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post