Top News

അൽഫാം കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധ; ചികിത്സയിലിരുന്ന നഴ്സ് മരിച്ചു

കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന നഴ്സ് മരണത്തിനു കീഴടങ്ങി. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗം തീവ്രപരിചരണ വിഭാഗത്തിലെ നഴ്സ്, രശ്മി(33) ആണ് മരിച്ചത്.[www.malabarflash.com]

കഴിഞ്ഞ ദിവസം കോട്ടയം സംക്രാന്തിയിലുള്ള ഹോട്ടലിൽ നിന്നാണ് രശ്മി അൽഫാം കഴിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദ്ദിയും തുടർന്നു വയറിളക്കവും അനുഭവപ്പെട്ടു.

ശാരീരികമായ തളർന്നതിനെ തുടർന്നു ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മെഡിസിൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഡയാലിസിസിനും വിധേയമാക്കി. ഈ ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും ശാരീരിക ബുദ്ധിമുട്ടു ഉണ്ടായിരുന്നു. ഇതിൽ 14 വയസ്സുകാരനായ സംക്രാന്തി സ്വദേശി മെഡിക്കൽ കോളജിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രികളിലും ചികിത്സയിൽ കഴിയുകയാണ്.

സംഭവത്തെ തുടർന്നു ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തി നടപടി സ്വീകരിച്ചത്. രശ്മിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. ബന്ധുക്കൾക്ക് പരാതിയുണ്ടെങ്കിൽ പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Post a Comment

Previous Post Next Post