NEWS UPDATE

6/recent/ticker-posts

നോട്ടുനിരോധനം ശരിവച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ നോട്ടുനിരോധനം ശരിവച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ 4 ജഡ്ജിമാർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ ഒരാൾ മാത്രം വിയോജിപ്പ് പ്രകടിപ്പിച്ചു. നോട്ടുനിരോധനം ചോദ്യം ചെയ്യുന്ന 58 ഹർജികളിലാണു സുപ്രീംകോടതി നിർണായക വിധി പ്രഖ്യാപിച്ചത്. ഹർജികൾ കോടതി തള്ളി.[www.malabarflash.com]


നടപടിക്രമങ്ങൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി നോട്ടുനിരോധനം റദ്ദാക്കാനാവില്ലെന്നാണു ഭൂരിപക്ഷ വിധി. ജസ്റ്റിസ് ബി.ആർ.ഗവായ് ആണ് ആദ്യം വിധി പറഞ്ഞത്. സർക്കാർ മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിച്ചോ ഇല്ലയോ എന്നതു പ്രസക്തമല്ല. നോട്ടുനിരോധനത്തിന്റെ 3 ലക്ഷ്യങ്ങളും ശരിയാണ്. അനുബന്ധ നടപടികൾക്കായി 52 ദിവസം നൽകിയത് അസ്വീകാര്യമെന്നു പറയാനാവില്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. മറ്റു മൂന്നു പേരും ഈ വിധിയോടു യോജിച്ചു.

ഗവായിയോടു വിയോജിച്ചാണ് ജസ്റ്റിസ് നാഗരത്ന വിധി പറഞ്ഞത്. നോട്ടുനിരോധനം നടപ്പാക്കേണ്ടിയിരുന്നത് നിയമനിർമാണത്തിലൂടെ ആയിരുന്നെന്നും സർക്കാർ വിജ്ഞാപനത്തിലൂടെ ആയിരുന്നില്ലെന്നും നാഗരത്ന വ്യക്തമാക്കി. ആർബിഐ നിയമ 26 (2) വകുപ്പുപ്രകാരം നോട്ടുനിരോധനത്തിനുള്ള നടപടികൾ ആരംഭിക്കേണ്ടിയിരുന്നത് റിസർവ് ബാങ്ക് ആയിരുന്നു. രഹസ്യാത്മകത വേണ്ടിയിരുന്നെങ്കിൽ ഓർഡിനൻസ് ആണ് ഇറക്കേണ്ടിയിരുന്നത്. രാജ്യത്തിന്റെ ചെറുപതിപ്പാണു പാർലമെന്റ്. ജനാധിപത്യത്തിന്റെ നെടുംതൂണായ പാർലമെന്റിനെ മാറ്റിനിർത്തി ഇത്രയും സുപ്രധാനമായ തീരുമാനം കൈക്കൊള്ളരുതായിരുന്നു– നാഗരത്ന ചൂണ്ടിക്കാട്ടി.

വാദംകേട്ട ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ ജസ്റ്റിസ് എസ്.അബ്ദുൽ നസീർ 4നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു വിധി പറഞ്ഞത്. കഴിഞ്ഞ മാസം 7നാണു വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്. ഹർജികളിൽ വിശദമായ വാദം കേട്ട കോടതി, നോട്ടുനിരോധിക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കേന്ദ്ര സർക്കാരിനും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകിയിരുന്നു. കേന്ദ്ര സർക്കാർ രഹസ്യരേഖയായാണു ഫയലുകൾ നൽകിയത്.

നോട്ടുനിരോധന തീരുമാനം സാമ്പത്തിക നയവുമായി ബന്ധപ്പെട്ടത് എന്നതുകൊണ്ടു മാത്രം ഇക്കാര്യത്തിൽ കാഴ്ചക്കാരനാകാൻ കഴിയില്ലെന്നു വാദം കേൾക്കലിനിടെ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. 2016ലെ നോട്ടുനിരോധന തീരുമാനം ഇപ്പോൾ കോടതി പരിശോധിക്കുന്നതിനോടു ശക്തമായ വിയോജിപ്പാണ് സർക്കാർ ഉയർത്തിയത്. ഗുരുതര പിഴവുകളാണു സർക്കാരിനു സംഭവിച്ചതെന്നു ഹർജിക്കാർക്കു വേണ്ടി അഭിഭാഷകനും മുൻ ധനമന്ത്രിയുമായ പി.ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു.‌

Post a Comment

0 Comments