NEWS UPDATE

6/recent/ticker-posts

'ഒരു മൊറോക്കന്‍ വീരഗാഥ'; സ്പാനിഷ് പടയെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലില്‍

ദോഹ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്‌പെയിനിനെ തകര്‍ത്ത് മൊറോക്കോ ക്വാര്‍ട്ടറില്‍. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ഒരു കിക്ക് പോലും വലയിലെത്തിക്കാനാകാതെയാണ് സ്‌പെയിന്‍ മടങ്ങുന്നത്. 3-0നായിരുന്നു ഷൂട്ടൗട്ടില്‍ മൊറോക്കോയുടെ ജയം.[www.malabarflash.com]


മൊറോക്കോയ്ക്കായി അബ്ദുള്‍ഹമിദ് സബിരി, ഹക്കീം സിയെച്ച്, അഷ്‌റഫ് ഹക്കീമി എന്നിവര്‍ പന്ത് വലയിലെത്തിച്ചു. ബദര്‍ ബെനൗണിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ തടുത്തു. 2018-ന് പിന്നാലെ ഇതോടെ 2022-ലും സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ മടങ്ങി.

നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും ഗോളടിക്കാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 120 മിനിറ്റിലുടനീളം 13 ഷോട്ടുകളാണ് സ്‌പെയിനിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതില്‍ ലക്ഷ്യം കണ്ടത് ഒന്നുമാത്രം. പതിവുപോലെ പന്തടക്കത്തില്‍ മുന്നില്‍നിന്ന സ്‌പെയിനിന് പക്ഷേ മൊറോക്കന്‍ പ്രതിരോധം ഭേദിക്കാനായില്ല.

കളിയുടെ തുടക്കത്തില്‍ പതിവുപോലെ പന്തടക്കത്തില്‍ സ്‌പെയിനായിരുന്നു മുന്നില്‍. മൊറോക്കോയാകട്ടെ കടുത്തപ്രതിരോധത്തില്‍ ഉറച്ചുനിന്നു. തുടക്കത്തില്‍ മൊറോക്കന്‍ പ്രതിരോധം ഭേദിച്ച് ഡിയില്‍ പോലും പന്തെത്തിക്കാന്‍ സ്പാനിഷ് ടീമിനായില്ല. പന്തടക്കത്തിലും പാസിങ്ങിലും പതിവ് ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് ടീമിനെതിരേ പക്ഷേ ആദ്യ പകുതിയില്‍ ഏതാനും മികച്ച ആക്രമണങ്ങള്‍ പുറത്തെടുക്കാന്‍ മൊറോക്കോയ്ക്കായി.

സ്‌പെയിനിനെ തനത് പൊസഷന്‍ ഗെയിം കളിക്കാന്‍ വിടാതെ ഫിസിക്കല്‍ ഗെയിം കളിച്ച് പന്ത് റാഞ്ചി അതിവേഗം കൗണ്ടര്‍ അറ്റാക്കിനിറങ്ങുക എന്നതായിരുന്നു മൊറോക്കോയുടെ പദ്ധതി. വലതുവിങ്ങില്‍ അഷ്‌റഫ് ഹക്കീമിയുടെയും ഹക്കീം സിയെച്ചിന്റെയും സാന്നിധ്യം ഇതിന് അവര്‍ക്ക് മുന്‍തൂക്കം നല്‍കി.

അസ്പിലിക്വെറ്റെയ്ക്ക് പകരം മാര്‍ക്കോ ലൊറെന്റെയെ റൈറ്റ് ബാക്ക് പൊസിഷനില്‍ കളിക്കാനിറക്കിയ കോച്ച് ലൂയിസ് എന്റിക്വെയുടെ നീക്കം പാളുന്നതാണ് പലപ്പോഴും കണ്ടത്. വലതുഭാഗത്ത് ലൊറെന്റെയെ മറികടന്ന് പലപ്പോഴും മൊറോക്കന്‍ മുന്നേറ്റങ്ങളുണ്ടായി.

27-ാം മിനിറ്റില്‍ സ്‌പെയ്‌നിന് ഒരു അവസരം ലഭിച്ചു. ജോര്‍ഡി ആല്‍ബ നീട്ടിയ പന്തുമായി മുന്നേറിയ അസെന്‍സിയോ മൊറോക്കന്‍ ഡിഫന്‍ഡര്‍മാരെ മറികടന്നെങ്കിലും താരത്തിന്റെ ഷോട്ട് സൈഡ് നെറ്റിലേക്കാണ് പോയത്.

33-ാം മിനിറ്റില്‍ ഫെരാന്‍ ടോറസില്‍ നിന്ന് പന്ത് റാഞ്ചിയ മസ്‌റോയിയുടെ ഷോട്ട് സ്‌പെയ്ന്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണ്‍ രക്ഷപ്പെടുത്തുകയായിരുന്നു.

43-ാം മിനിറ്റില്‍ മൊറോക്കോ ഗോളിനടുത്തെത്തി. ഹക്കീമിയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ബുസ്‌ക്വെറ്റ്‌സ് ഫ്‌ളിക് ചെയ്ത പന്ത് പക്ഷേ ലഭിച്ചത് സോഫിയാന്‍ ബൊഫാലിന്. താരം നല്‍കിയ പന്തില്‍ പക്ഷേ നയെഫ് അഗ്വേര്‍ഡിന്റെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.

മൊറോക്കന്‍ പ്രതിരോധം ഉറച്ച് നിന്നതോടെ മിഡ്ഫീല്‍ഡില്‍ പെഡ്രിക്കും ഗാവിക്കും കളിക്കാനാവശ്യമായ സ്‌പേസ് ലഭിച്ചില്ല. ഇതോടെ മുന്നേറ്റത്തില്‍ ഡാനി ഓല്‍മോയ്ക്കും മാര്‍ക്കോ അസെന്‍സിയോക്കും ഫെരാന്‍ ടോറസിനും പന്ത് ലഭിക്കാതെ വന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ ഇരു ടീമും തുടക്കത്തില്‍ ലഭിച്ച സ്‌പേസ് മുതലെടുത്ത് മികച്ച ആക്രമണങ്ങള്‍ നടത്തി.

55-ാം മിനിറ്റില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്നുള്ള ഡാനി ഓല്‍മോയുടെ ഷോട്ട് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോ തട്ടിയകറ്റി. പിന്നീട് നിക്കോ വില്യംസിനെയും അല്‍വാരോ മൊറാറ്റയേയും കളത്തിലിറക്കിയെങ്കിലും സ്‌പെയിനിന് മൊറോക്കന്‍ പ്രതിരോധം വിലങ്ങുതടിയായി.

നിശ്ചിതസമയത്തിന്റെ അവസാന മിനിറ്റുകളില്‍ ലഭിച്ച രണ്ട് മികച്ച അവസരങ്ങള്‍ മുതലാക്കാന്‍ സാധിക്കാതിരുന്നതും സ്പാനിഷ് ടീമിന് തിരിച്ചടിയായി.

അധികസമയത്ത് പൂര്‍ണമായും പന്ത് സ്പാനിഷ് താരങ്ങളുടെ കാലില്‍ തന്നെയായിരുന്നു. ഈ സമയം മികച്ച മുന്നേറ്റങ്ങള്‍ ഒരുക്കാനായെങ്കിലും മൊറോക്കന്‍ പ്രതിരോധം ഭേദിക്കാന്‍ പക്ഷേ അവര്‍ക്കായില്ല. ഇതിനിടെ 104-ാം മിനിറ്റില്‍ വാലിദ് ചെദിരയിലൂടെ മൊറോക്കോ സമനിലപ്പൂട്ട് പൊളിക്കേണ്ടതായിരുന്നു. എന്നാല്‍ ഉനായ് സിമോണിന്റെ കൃത്യമായി ഇടപെട്ട് അപകടമൊഴിവാക്കി. അധികസമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ പാബ്ലോ സരാബിയയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയത് സ്‌പെയിനിന് തിരിച്ചടിയായി.

ഒടുവില്‍ പ്രതിരോധിച്ച് പ്രതിരോധിച്ച് ഷൂട്ടൗട്ടിലേക്ക് നീട്ടിയ മത്സരം വിജയിച്ച് മൊറോക്കോ പ്രീ ക്വാര്‍ട്ടറിലേക്ക്. പോര്‍ച്ചുഗല്‍ - സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരവിജയികളെയാകും മൊറോക്കോ ക്വാര്‍ട്ടറില്‍ നേരിടുക.

Post a Comment

0 Comments