NEWS UPDATE

6/recent/ticker-posts

ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

ദോഹ: 
അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ പൊരുതിക്കളിച്ച ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ലയണൽ മെസ്സിയും സംഘവും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ. സൂപ്പർതാരം ലയണൽ മെസ്സി (35–ാം മിനിറ്റ്), യുവതാരം ജൂലിയൻ അൽവാരസ് (57–ാം മിനിറ്റ്) എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനയ്ക്ക് ക്വാർട്ടർ ഫൈനലിലേക്ക് പാത തുറന്നത്.[www.malabarflash.com] 

ഓസ്ട്രേലിയയുടെ ആശ്വാസഗോൾ 77–ാം മിനിറ്റിൽ പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നേടി. ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ ഗാരങ് കുവോളിലൂടെ ഓസീസ് സമനില ഗോളിന്റെ വക്കിലെത്തിയെങ്കിലും, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ അവസരോചിത സേവ് അവരെ രക്ഷിച്ചു.

ഡിസംബർ ഒൻപതിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീന നെതർലൻഡ്സിനെ നേരിടും. ആദ്യ പ്രീക്വാർട്ടറിൽ യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് നെതർലൻഡ്സ് ക്വാർട്ടറിൽ കടന്നത്.

പ്രഫഷനൽ കരിയറിലെ 1000–ാമത്തെ മത്സരത്തിന് ഇറങ്ങിയ മെസ്സി, ലോകകപ്പ് നോക്കൗട്ടിലെ ആദ്യ ഗോളാണ് ഓസീസിനെതിരെ നേടിയത്. അർജന്റീനയ്ക്കായി ലോകകപ്പിൽ ഒൻപതാം ഗോൾ നേടിയ മെസ്സി, ഇക്കാര്യത്തിൽ സാക്ഷാൽ ഡീഗോ മറഡോണയെ പിന്നിലാക്കി. ഇനി മെസ്സിക്കു മുന്നിലുള്ളത് ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട മാത്രം.

പന്തടക്കത്തിലും പാസിങ്ങിലും അർജന്റീന ബഹുദൂരം മുന്നിൽനിന്ന മത്സരത്തിൽ, ഹൈപ്രസിങ്ങിലൂടെ ഓസീസും സാന്നിധ്യമറിയിച്ചു. ഇടയ്ക്കിടെ ഓസീസ് താരങ്ങൾ നടത്തിയ മുന്നേറ്റങ്ങൾ അർജന്റീന ഗോൾമുഖം വിറപ്പിക്കുകയും ചെയ്തു.

പോളണ്ടിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ജയിച്ച ടീമിൽ ഒരേയൊരു മാറ്റവുമായാണ് അർജന്റീന ഇറങ്ങിയത്. പരുക്കേറ്റ എയ്ഞ്ചൽ ഡി മരിയയ്ക്കു പകരം അലെസാന്ദ്രോ ഗോമസ് ആദ്യ ഇലവനിൽ ഇടംനേടി. ഡെൻമാർക്കിനെ തോൽപ്പിച്ച ടീമിൽ ഓസ്ട്രേലിയയും ഒരു മാറ്റം വരുത്തി. ഇടതുവിങ്ങിൽ ബക്കൂസിനു പകരം ഗുഡ്‌വിൻ എത്തി.

അർജന്റീന ആദ്യ ഗോൾ: അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്നാണ് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഫലം, പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡി, ഓടിയെത്തിയ മെസ്സിക്ക് കാൽപ്പാകത്തിന് മുന്നിൽ വച്ചുകൊടുത്തു. മെസ്സിയുടെ നിലംപറ്റെയുള്ള ഷോട്ട് ഓസീസ് പ്രതിരോധം തകർത്ത് ഗോൾകീപ്പറിന്റെ നീട്ടിയ കൈകളെയും മറികടന്ന് വലയിൽ. സ്കോർ 1–0.

അർജന്റീന രണ്ടാം ഗോൾ: സ്വന്തം ഗോൾമുഖത്തെത്തിയ പന്ത് അടിച്ചകറ്റി അപകടം ഒഴിവാക്കുന്നതിനു പകരം പാസ് ചെയ്ത് കളിക്കാൻ ശ്രമിച്ച ഓസീസ് താരങ്ങളുടെ പിഴവിൽ നിന്നാണ് അർജന്റീന രണ്ടാം ഗോൾ നേടിയത്. അർജന്റീനയുടെ ഒരു മുന്നേറ്റം നിഷ്ഫലമാക്കി പന്ത് പിടിച്ചെടുത്ത ഓസീസ് ഗോൾകീപ്പർ അത് ഇടതുവിങ്ങിലെ താരത്തിനു നീട്ടിയെറിഞ്ഞുനൽകി. അർജന്റീന സമ്മർദ്ദം ചെലുത്തിയതോടെ പന്ത് റൗൾസ് വഴി വീണ്ടും ഗോൾകീപ്പറിലേക്ക്. ഇതിനിടെ രണ്ട് അർജന്റീന താരങ്ങൾ സമ്മർദ്ദം ചെലുത്തി ഓടിയെത്തിയതോടെ ഗോൾകീപ്പറിനു പിഴച്ചു. പന്തു പിടിച്ചെടുത്ത ജൂലിയൻ അൽവാരസ് ഗോളിയില്ലാ പോസ്റ്റിലേക്ക് പന്ത് തഴുകിവിട്ടു. സ്കോർ 2–0.

ഓസ്ട്രേലിയ ആശ്വാസ ഗോൾ: അർജന്റീന ഗോൾമുഖത്തേക്ക് ഓസ്ട്രേലിയ നടത്തുന്ന മുന്നേറ്റങ്ങളെല്ലാം ഫലമില്ലാതെ അവസാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഓസ്ട്രേലിയ ഒരു ഗോൾ മടക്കിയത്. അർജന്റീന ഗോൾമുഖത്ത് 25 വാര അകലെ നിന്ന് ഗുഡ്‌വിൻ തൊടുത്ത ബുള്ളറ്റ് ഷോട്ട്, അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ ദേഹത്തുതട്ടി ഗതി മാറി വലയിൽ കയറുകയായിരുന്നു. ഗോൾകീപ്പർ എമിലിനായോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി മാറ്റി ഗോൾ. സ്കോർ 1–2.

Post a Comment

0 Comments