പാലക്കാട്: പട്ടാമ്പിക്കടുത്ത് കൊപ്പത്ത് മരിച്ച യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ വ്യക്തമായി. കൊപ്പം മണ്ണേങ്ങോട് അത്താണിയിൽ മുളയകാവ് പെരുപറതൊടി അബ്ദുൾ സലാമിന്റെ മകൻ ഹർഷാദിനെ കഴിഞ്ഞ ദിവസമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹർഷാദിന്റെ സുഹൃത്ത് ഹക്കീമിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.[www.malabarflash.com]
പട്ടിക്ക് തീറ്റ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതത്തിൽ കലാശിച്ചതെന്നാണ് വിവരം. യുവാവിൻ്റെ ബന്ധു കൂടിയാണ് ഇപ്പോൾ കൊപ്പം പോലീസിന്റെ കസ്റ്റഡിയിലുള്ള ഹക്കീം. കഴിഞ്ഞ ദിവസം മൂന്ന് പേർ ചേർന്നാണ് ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽ തെറ്റി താഴേക്ക് വീണെന്നായിരുന്നു ഇവർ ആശുപത്രിയിൽ അറിയിച്ചത്.
ഹർഷാദ് മരിച്ചെന്ന് അറിഞ്ഞതോടെ യുവാവിനെ ആശുപത്രിയിലെത്തിച്ച മൂന്ന് പേരിൽ ഒരാൾ മുങ്ങി. ഇത് ഹക്കീമായിരുന്നു. ഇതോടെയാണ് മരണത്തിൽ സംശയങ്ങൾ ഉയർന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ഹർഷാദിന് ക്രൂരമായ മർദ്ദനമേറ്റിട്ടുണ്ട്. ഹർഷാദിന്റെ ശരീരത്തിലാകെ അടിയേറ്റ നിരവധി പാടുകളുണ്ട്.
ഹർഷാദിന്റെ മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് പിന്നാലെ ആശുപത്രിയിൽ നിന്ന് മുങ്ങിയ ഹക്കീമിനെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചുവെന്നാണ് വിവരം. പട്ടിക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായെന്നാണ് കൊലപാതകത്തിന് കാരണമായി ഹക്കീം പറയുന്നത്. തർക്കം രൂക്ഷമായതോടെ ദേഷ്യം കയറിയ ഹക്കീം ഹർഷാദിനെ തലങ്ങും വിലങ്ങും മൃഗീയമായി മർദ്ദിക്കുകയായിരുന്നു. ഇതോടെ ഹർഷാദ് അവശനിലയിലായി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
0 Comments