Top News

പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലെ മരത്തില്‍ കൂടുവെച്ച തേനീച്ചകള്‍ കുത്തി 14-കാരി മരിച്ചു; 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

പാലക്കാട്: പൊതുമരാമത്ത് വകുപ്പിന്റെ ഭൂമിയിലുള്ള മരത്തില്‍ കൂടുവെച്ച തേനീച്ചകള്‍ കുത്തി പതിനാലുകാരി മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. സര്‍ക്കാര്‍ 10 ലക്ഷം രൂപ കുട്ടിയുടെ വീട്ടുകാര്‍ക്ക് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്കാണ് ഉത്തരവ് നല്‍കിയത്.[www.malabarflash.com]

മരംമുറിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം അവരില്‍ നിന്ന് ഈടാക്കാമെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. പാലക്കാട് ചിറ്റൂര്‍ എരുത്തേമ്പതി വണ്ണാമട സ്വദേശി മുരുകേശന്റെ മകള്‍ ആര്‍തിയായിരുന്നു തേനീച്ചകളുടെ കുത്തേറ്റ് മരിച്ചത്. 2020 ഏപ്രില്‍ 25നാണ് ആര്‍തിക്ക് വീട്ടില്‍ വെച്ച് തേനീച്ചകളുടെ കുത്തേറ്റത്. 

തേനീച്ച ശല്യം കാരണം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തുള്ള പൂളമരം മുറിക്കണമെന്നാവശ്യപ്പെട്ട് മുരുകേശന്‍ 2018 മുതല്‍ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമായിരുന്നില്ല. ഇതായിരുന്നു ദുരന്തകാരണമെന്ന് കാട്ടിയായിരുന്നു പരാതി നല്‍കിയത്. 

മരംമുറിക്കാനുള്ള നടപടിക്രമങ്ങളുടെ നൂലാമാലകളും ഉദ്യോഗസ്ഥരുടെ മാനുഷിക മൂല്യച്യുതിയും കാരണമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് കെ ബൈജുനാഥ് ഉത്തരവില്‍ പറയുന്നു.

കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. മരംമുറിക്കാന്‍ ലേല നടപടികള്‍ തുടങ്ങിയെങ്കിലും ആരും ലേലം കൊണ്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാലാം തവണയാണ് ലേലം പോയതെന്നും റിപ്പോര്‍ട്ടിലുണ്ട്. 

കേസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂര്‍വ്വം വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം അവസരങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനമെടുക്കാന്‍ ഭാവിയില്‍ എന്തുനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Post a Comment

Previous Post Next Post