NEWS UPDATE

6/recent/ticker-posts

ഓണ്‍ലൈൻ കാമുകനെ കാണാൻ 5,000 കി.മീ യാത്ര ചെയ്തെത്തിയ സ്ത്രീ കൊല്ലപ്പെട്ട നിലയില്‍

ഓണ്‍ലൈൻ ബന്ധങ്ങളും അവയുടെ അനാരോഗ്യകരമായ വശങ്ങളും ഇന്ന് ഏറെ ചര്‍ച്ചകളുയര്‍ത്താറുണ്ട്. എങ്കില്‍ പോലും വീണ്ടും ഓണ്‍ലൈൻ ബന്ധങ്ങളും അവയെ തുടര്‍ന്നുള്ള കുറ്റകൃത്യങ്ങളും ആവര്‍ത്തിക്കപ്പെടുക തന്നെയാണ്.[www.malabarflash.com]

 ഒരിക്കലെങ്കിലും തമ്മില്‍ കാണാത്തവര്‍, എങ്ങനെയാണ് പരസ്പര വിശ്വാസത്തോടെ പ്രണയത്തിലേക്കോ അടുപ്പത്തിലേക്കോ സൗഹൃദത്തിലേക്കോ വീഴുന്നതെന്ന് ന്യായമായും സംശയം തോന്നാം. എന്നാല്‍ മനുഷ്യമനസ് അത്രമാത്രം ദൗര്‍ബല്യങ്ങളില്‍ കൂടി കടന്നുപോകുന്നതിനാലാകാം ഇങ്ങനെയുള്ള ബന്ധങ്ങള്‍ വീണ്ടും ഉണ്ടാകുന്നതും അവ ദാരുണമായ അവസാനത്തിലെത്തുന്നതും.

ഓണ്‍ലൈനില്‍ പരിചയപ്പെടുന്നവരെല്ലാം മോശക്കാരാണെന്നോ ഓണ്‍ലൈൻ ബന്ധങ്ങളെല്ലാം അനാരോഗ്യകരമാണെന്നോ ഒറ്റയടിക്ക് പറഞ്ഞുതീര്‍ക്കാനാകില്ല. എന്നാല്‍ വഞ്ചനയ്ക്കും അപകടങ്ങള്‍ക്കുമുള്ള സാധ്യത ഈ ഇടത്തില്‍ കൂടുതലാണെന്നതാണ് മനസിലാക്കേണ്ടത്. ജീവിതത്തില്‍ അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ കൂടിയാണെങ്കില്‍ ഇങ്ങനെയുള്ള വഞ്ചനകളില്‍ വീഴാനും എളുപ്പമായിരിക്കും.

സമാനമായ രീതിയിലുള്ളൊരു ദാരുണസംഭവമാണ് ഇപ്പോള്‍ പെറുവില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പരിചയപ്പെട്ട് പ്രണയമായ കാമുകനെ കാണാൻ മെക്സിക്കോയില്‍ നിന്ന് 5,000 കിലോമീറ്റര്‍ സഞ്ചരിച്ച് പെറുവിലെത്തിയ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുകയാണിവിടെ.

ഇവരുടെ മൃതശരീരത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവിടെയൊരു ബീച്ചില്‍ കണ്ടെത്തിയിരിക്കുകയാണ്. ഏറ്റവും നടക്കുന്ന മറ്റൊരു വിഷയമെന്തെന്നാല്‍ ഇവരെ കൊന്ന ശേഷം ഇവരുടെ മൃതദേഹത്തില്‍ നിന്ന് പല അവയവങ്ങളും കൊല നടത്തിയവര്‍ എടുത്തിട്ടുണ്ട് എന്നതാണ്. ബാക്കി വരുന്ന ശരീരഭാഗങ്ങളാണ് കൊലയാളി/കൊലയാളികള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

അമ്പത്തിയൊന്നുകാരിയായ ബ്ലാങ്കാ അരെലാനോ എന്ന സ്ത്രീയാണ് ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. ജുവാൻ പാബ്ലോ എന്ന മുപ്പത്തിയേഴുകാരനായ കാമുകനെ കാണാനാണ് ഇവര്‍ പെറുവിലേക്ക് തിരിച്ചത്. ഇക്കാര്യം വീട്ടുകാരെയെല്ലാം അറിയിച്ചിരുന്നു. ജൂലൈ അവസാനത്തോടെയായിരുന്നു ഇത്.

പെറുവിലെത്തിയ ശേഷം കാമുകനൊപ്പം സുഖമായിരിക്കുന്നുവെന്നും തങ്ങള്‍ ഗാഢമായ പ്രണയത്തിലാണെന്നുമാണ് ഇവര്‍ വീട്ടകാരെ അറിയിച്ചത്. ഏറ്റവും ഒടുവില്‍ നവംബര്‍ 7നാണ് ഇവര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടത്. അന്ന് ഇവരുടെ സഹോദരപുത്രിയോടാണ് ഫോണില്‍ സംസാരിച്ചത്.

ബ്ലാങ്കാ സന്തോഷവതിയായിരുന്നുവെന്നും മറ്റൊന്നും സംശയിക്കത്തക്കതായി ഉണ്ടായിരുന്നില്ലെന്നുമാണ് കാര്‍ല അരെലാനോ എന്ന ഈ പെണ്‍കുട്ടി അറിയിക്കുന്നത്. എന്നാലിതിന് ശേഷം രണ്ടാഴ്ചയോളം ആന്‍റിയുടെ വിവരമില്ലാതായതോടെ കാര്‍ല തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആന്‍റിയെ കണ്ടെത്താൻ സഹായിക്കണമെന്ന കുറിപ്പ് പങ്കുവച്ചത്. ഇതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെറുവിലെ ഹ്യൂവാച്ചോ ബീച്ചിന് സമീപത്തുനിന്ന് ഇവരുടെ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്നാലിത് വരെ ആരാണ് കൊല നടത്തിയതെന്നോ, ഇവരുടെ കാമുകനെന്ന് പറയപ്പെടുന്ന യുവാവിനെ കണ്ടെത്താനായോ എന്നൊന്നും അറിവായിട്ടില്ല.

Post a Comment

0 Comments