NEWS UPDATE

6/recent/ticker-posts

കാപ്പാ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ചു; പ്രണയ നൈരാശ്യമെന്ന് പോലീസ്

കണ്ണൂർ: കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കണ്ണൂർ പൊന്നിയം സ്വദേശി വിഥുനെ ആണ് എറണാകുളത്തെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെന്ന് നോർത്ത് പോലീസ് വ്യക്തമാക്കി.[www.malabarflash.com]

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കണ്ണൂർ പോലീസാണ് വിഥുനെതിരെ കാപ്പ ചുമത്തിയിരുന്നത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ലോഡ്ജിലാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ എറണാകുളത്ത് സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചിരുന്നു. ചെറായി സ്വദേശികളായ ആഷിഖ്, സഞ്ജയ് എന്നിവർക്ക് എതിരെയാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. വധശ്രമം, പോക്സോ അടക്കമുള്ള കേസുകളിലെ പ്രതികളാണ് ഇരുവരും. ആഷിഖിനെതിരെ 17 ഉം സഞ്ജയിനെതിരെ ആറും കേസുകൾ നിലവിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറലിൽ കാപ്പ ചുമത്തി പോലീസ് ഇതുവരെ 71 ജയിലിലടക്കുകയും 36 പേരെ നാടു കടത്തുകയും ചെയ്തിട്ടുണ്ട്.

മലപ്പുറത്ത് കാപ്പാ ചുമത്തിയ പ്രതിയുടെ ഒളിസങ്കേതത്തിൽ നിന്നും 50 ലക്ഷത്തോളം രൂപയുടെ ലഹരി മരുന്നുകളും വടിവാൾ അടക്കമുള്ള ആയുധങ്ങളും പൊലീസ് കണ്ടെത്തി. ജില്ലയിൽ പ്രവേശന വിലക്ക് ലംഘിച്ച് കടന്ന പൊന്നാനി അഴീക്കൽ സ്വദേശി ഷമീമിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് തിരൂരിലെ ഒളിസങ്കേതത്തക്കുറിച്ച് വിവരം ലഭിക്കുന്നത്. 

തുടർന്ന് തിരൂർ ചേന്നരയിലെ മുറിയിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നും കൂട്ടാളികളായ 4 പേർ കൂടി പിടിയിലായി. 15 കിലോ ഹാഷിഷ് ഓയിലും 14 കിലോ കഞ്ചാവുമാണ് പിടിച്ചത്. 2 വടിവാളുകളും കുരുമുളക് സ്പ്രേയും ഇവിടെ നിന്ന് കണ്ടെടുത്തു. ഷമീം ഉൾപ്പെടെ 4 പേരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Post a Comment

0 Comments