NEWS UPDATE

6/recent/ticker-posts

ഒന്‍പത് വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍; 'തിങ്കളാഴ്ച 11.30നുള്ളില്‍ രാജിവയ്ക്കണം'

സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. തിങ്കളാഴ്ച 11.30നുള്ളില്‍ തന്നെ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.[www.malabarflash.com]


സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഈ നീക്കം. നിയമനം യുജിസി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി എം.എസ് രാജശ്രീയെ നിയമിച്ചത് കോടതി റദ്ദാക്കിയത്. ഈ വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ വിസിമാരോട് കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ രംഗത്തെത്തി. ഗവര്‍ണറുടെ നിര്‍ദേശത്തോട് കേരളം വഴങ്ങില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. സംഘപരിവാര്‍ തീരുമാനം നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് അദ്ദേഹത്തിന്റെ മനസിലിരിപ്പെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

''അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് സംഘപരിവാര്‍ തീരുമാനം ഇവിടെ നടപ്പിലാക്കാന്‍ ഉദേശിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. ഇപ്പോഴത്തെ വിസിമാരെ രാജിവെപ്പിച്ച് ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും നിയമിക്കാനാണ് മനസിലിരിപ്പ്. പക്ഷെ അതൊന്നും കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. ജനാധിപത്യ വിശ്വാസികള്‍ ഇതിനെതിരെ നിലപാട് സ്വീകരിക്കണം. എതെങ്കിലും ഒരു വിധിയുണ്ടായാല്‍ അത് ബാധകമാക്കാന്‍ ഇദ്ദേഹത്തിനെന്താ സുപ്രീകോടതിയുടെ അധികാരമുണ്ടോ. അതിന് വഴങ്ങി കൊടുക്കില്ല. ഗവര്‍ണറുടെ നിര്‍ദേശത്തെ നിയമപരമായി നേരിടും.'' എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Post a Comment

0 Comments