Top News

‘ദേഷ്യം ദുർബലതയാണ്, ക്ഷമ മറുമരുന്ന്, കോപം നിയന്ത്രിക്കണം’; ശ്യാംജിത്തിന്റെ എഫ്ബി പോസ്റ്റ്

കണ്ണൂർ: പാനൂർ വള്ള്യായിയിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിൽ ചീത്തവിളി.[www.malabarflash.com]

 ‘ദേഷ്യം നമ്മുടെ ദുർബലതയാണ്‌. ക്ഷമയും വിവേകവുമാണ്‌ ദേഷ്യത്തിനുള്ള മറുമരുന്ന്. ദേഷ്യപ്പെട്ടിരിക്കുമ്പോൾ എടുക്കുന്ന തീരുമാനങ്ങൾ ഉടൻ നടപ്പാക്കരുത്‌. കോപം വന്നാൽ സ്വയം നിയന്ത്രിക്കണം. ദേഷ്യം അടങ്ങിയ ശേഷം വിവേകപൂർവം ചിന്തിക്കുക.’ എന്നാണ് തന്റെ ചിത്രം പങ്കുവച്ച് ശ്യാംജിത്ത് കുറിച്ചത്. 

പോസ്റ്റിനു താഴെ പലരും അസഭ്യവർഷമാണ് ചൊരിഞ്ഞത്. കോപം നിയന്ത്രിക്കണമെന്ന് പറഞ്ഞിട്ട് താൻ എന്താണ് ചെയ്തതെന്ന് ചിലർ ചോദിക്കുന്നുണ്ട്. പ്രണയവും വേദനയും വിജയവും പരാജയവും എല്ലാം ജീവിതത്തിന്റെ ഭാഗമാണെന്ന് പ്രതിപാദിക്കുന്ന വരികളും കുറിച്ചിട്ടുണ്ട്.

‘ഞാൻ ജീവിച്ചിരിക്കുമ്പോൾ എന്റെ പെണ്ണ് ഒരിക്കലും സങ്കടപ്പെടരുത്. സുഖത്തിലും ദുഃഖത്തിലും നിനക്ക് താങ്ങായി തണലായി ഞാൻ ഉണ്ടാവും. ആ കണ്ണുനീര് ഇനി പൊഴിയുന്നത് എന്റെ മരണ സമയത്തു മാത്രമാവും. തനിച്ചാക്കില്ല ഞാൻ നിന്നെ...’–2018ല്‍ ശ്യാംജിത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഈ കുറിപ്പും ആളുകൾ കുത്തിപ്പൊക്കിയിട്ടുണ്ട്. പ്രതിയുടെ പല പോസ്റ്റുകളും ഇത്തരത്തിലുള്ളവയാണ്.

വിഷ്ണുപ്രിയ പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതക കാരണമെന്ന് ശ്യാംജിത്ത് പോലീസിനോട് പറഞ്ഞത്. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകൾ കണ്ടെത്തി. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. 

ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ മുറിയിലേക്ക് ഇരച്ചുകയറിയ ശ്യാംജിത്തുമായി പെൺകുട്ടി വഴക്കിട്ടു. തൊട്ടുപിന്നാലെ കൈയിൽ കരുതിയിരുന്ന ചുറ്റികയും കത്തിയും ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Post a Comment

Previous Post Next Post