Top News

കാട്ടാന ആക്രമണത്തിൽ വാച്ചർ മരിച്ച സംഭവം; കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം

തൃശൂർ: പാലപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം അം​ഗം ഹുസൈന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. മന്ത്രി നേരിട്ടെത്തി അഞ്ച് ലക്ഷം രൂപ കുടുംബത്തിന് കൈമാറും. ബാക്കി തുക വൈകാതെ നൽകും.[www.malabarflash.com]

ഇതുവരെയുള്ള ആശുപത്രി ചെലവ് സർക്കാർ വഹിക്കും. ആശുപത്രിയിൽ ചെലവായ തുകയിൽ കുറച്ച് തുക  നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

പാലാപ്പിള്ളിയിൽ കാട്ടാനകളെ തുരത്താന്‍ എത്തിയ സംഘത്തില്‍ ഹുസൈൻ ഉണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ് ഒരാഴ്ച്ചയിലേറെയായി ചികിത്സയില്‍ ആയിരുന്നു. ആരോഗ്യനില കഴിഞ്ഞ ദിവസം രാത്രിയോടെ മോശമാവുകയായിരുന്നു. പുലര്‍ച്ചെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലാപ്പിള്ളി എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെ എത്തിച്ചത്. കുട്ടിയാനകളും അഞ്ച് കൊമ്പന്മാരും ഉൾപ്പടെ 24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടര്‍ 89 ഭാഗത്ത് എത്തിയത്. ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തുരത്താന്‍ ശ്രമം നടത്തിയെങ്കിലും കാട്ടാനക്കൂട്ടം തോട്ടത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. മരിച്ച ഹുസൈന്‍ ഉള്‍പ്പടെ പന്ത്രണ്ടംഗ സംഘമാണ് കുങ്കിയാനകള്‍ക്കൊപ്പമുണ്ടായിരുന്നത്. വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ആന പാപ്പാന്‍മാര്‍ ഉള്‍പ്പടെ സംഘത്തിലുണ്ടായിരുന്നു. ആറ് മണിക്കൂറിന് ശേഷമാണ് ആനകൾ കാട് കയറിയത്.

Post a Comment

Previous Post Next Post