NEWS UPDATE

6/recent/ticker-posts

മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് 'കാറിലെത്തി'യ രാജവെമ്പാല,വാവ സുരേഷിനും പിടികൊടുത്തില്ല; ഒടുക്കം സംഭവിച്ചത്

കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ രാജവെമ്പാലയെ പിടികൂടി. പത്തടിയോളം നീളമുള്ള രാജവെമ്പാലയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടിയത്. തൊണ്ണംകുഴി സ്വദേശി സുജിത്തിൻ്റെ കാറിൽ ഒരു മാസം മുമ്പ് കാറിൽ കയറി കൂടിയതാണ് രാജവെമ്പാലയെന്നാണ് സംശയം.[www.malabarflash.com] 

മലപ്പുറം വഴിക്കടവിൽ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറിൽ കയറിയതായി കണ്ടിരുന്നതായി കാർ ഉടമ സുജിത്ത് പറഞ്ഞു. കഴിഞ്ഞാഴ്ച വാവ സുരേഷെത്തി കാർ അഴിച്ച് പരിശോധിച്ചിരുന്നു. എന്നാല്‍ പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ സുജിത്തിൻ്റെ വീടിന് 500 മീറ്റർ അപ്പുറത്തുള്ള പുരയിടത്തിൽ നിന്നുമാണ് രാജവെമ്പാലയെ വനം വകുപ്പ് പിടികൂടിയത്. 

രാജവെമ്പലയെ സാധാരണയായി കാണാത്ത പ്രദേശത്ത് പാമ്പ്, വാഹനത്തിന് അടിയിൽ കയറി ഇവിടെ എത്തിയതാകമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമാനം.

കാഞ്ഞങ്ങാട്ടും കഴിഞ്ഞ ദിവസം സമാനമായ സംഭവം ഉണ്ടായിരുന്നു. കാറിന്‍റെ ബോണറ്റില്‍ തലപൊക്കിയ പാമ്പിനെ, ബസ് സ്റ്റാന്‍റ് പരിസരത്ത് കൂടെ നടന്ന് പോകുന്ന വഴിയാത്രക്കാരനാണ് ആദ്യം കണ്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്‍റെ ബോണറ്റില്‍ നിന്ന് ഒരാള്‍ തലപൊക്കുന്നു. ആദ്യമൊന്ന് ഞെട്ടി. പരിശോധിച്ചപ്പോള്‍ പാമ്പ്. മറ്റുള്ളവരെ വിവരം അറിയിച്ചു. ആളുകള്‍ കൂടി. പിന്നീട് കാറുടമയെ കണ്ടുപിടിക്കാനായി ശ്രമം. 

ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു ക്ലിനിക്കില്‍ നിന്ന് ഉടമയെ കുടുംബ സമേതം കണ്ടെത്തി. കരിമ്പളപ്പ് ജോളി നഗറിലെ കെവി താജുദ്ദീനായിരുന്നു കാറിന്‍റെ ഉടമ. ഇഎന്‍ടി ഡോക്ടറെ കാണാനെത്തിയതായിരുന്നു ഇദ്ദേഹവും കുടുംബവും സഞ്ചരിച്ച കാറില്‍ ഒരു അതിഥി കൂടി ഉണ്ടായിരുന്നത് ഇവര്‍ അറിഞ്ഞിരുന്നില്ല.

പിന്നാലെ കാറിന്‍റെ ബോണറ്റ് തുറന്ന് പാമ്പിനെ പുറത്തെടുക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നോ രക്ഷ. അത് യന്ത്രഭാഗങ്ങള്‍ക്ക് ഇടയില്‍ എവിടെയോ പോയി ഒളിക്കുകയും ചെയ്തു. പാമ്പ് പിടുത്തക്കാരെ വിളിക്കാതെ രക്ഷയില്ലെന്നായി പൊതുജനം. പിന്നാലെ എണ്ണപ്പാറയിലെ അനീഷ് കൃഷ്ണനും കോട്ടപ്പാറയിലെ സുനിലിനും വിളിപോയി. ഇവര്‍ പാമ്പിനെ കെണിയിലാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയെങ്കിലും 'ആശാന്‍' വഴുതി മാറി. 

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കാറിന്‍റെ ഇടത് ചക്രത്തിന് തൊട്ടായുള്ള ബോണറ്റിനടിയില്‍ നിന്ന് 'ആശാനെ പൊക്കി'. ചെറിയ പെരുമ്പാമ്പാണ് പിടിയിലായത്. താജുദ്ദീന്‍റെ വീടിന് സമീപത്തെ കാടുമൂടിക്കിടന്ന ഒഴിഞ്ഞ പറമ്പില്‍ നിന്നാവാം പെരുമ്പാമ്പ് കാറിനുള്ളില്‍ കയറിക്കൂടിയതെന്നാണ് നിഗമനം.

Post a Comment

0 Comments