Top News

ചില്ല് പൊടിച്ചുചേർത്ത പട്ടച്ചരട് കുരുങ്ങി; കഴുത്ത് മുറിഞ്ഞ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ന്യൂഡൽഹി: ചില്ല് പൊടിച്ചുചേർത്ത് നിർമിക്കുന്ന പട്ടച്ചരടായ 'ചൈനീസ് മഞ്ച' കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. ന്യൂഡൽഹിയിലെ ശാസ്ത്രി പാർക്ക് മേൽപ്പാലത്തിലാണ് സംഭവം. രക്ഷാബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ വീട്ടിലേക്ക് പോവുകയായിരുന്ന വിപിൻ കുമാർ എന്ന 35കാരനാണ് മരിച്ചത്.[www.malabarflash.com]


മനുഷ്യർക്കും മറ്റ് ജന്തുക്കൾക്കും അപകടകരമാണെന്നു കണ്ട് 2016ൽ ഡൽഹിയിൽ ചൈനീസ് മഞ്ചക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഡൽഹിയിൽ ഈ മാസം ചൈനീസ് മഞ്ച കഴുത്തിൽ കുരുങ്ങിയുള്ള രണ്ടാമത്തെ മരണമാണിത്.

ലോണിയിലുള്ള സഹോദരിയുടെ അടുത്തേക്ക് ഭാര്യക്കും മകൾക്കുമൊപ്പം ബൈക്കിൽ പോവുകയായിരുന്നു വിപിൻ കുമാർ. മേൽപ്പാലത്തിൽ വെച്ച് കഴുത്തിൽ പട്ടച്ചരട് കുരുങ്ങുകയായിരുന്നു. കഴുത്തിൽ കുരുങ്ങിയ ചരട് കൈകൊണ്ട് അഴിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ കൈക്കും മുറിവേറ്റു. ഹെൽമെറ്റ് അഴിച്ചപ്പോൾ കഴുത്തിലെ മുറിവിൽ നിന്ന് രക്തമൊഴുകുന്ന നിലയിലായിരുന്നു. വിപിൻകുമാറിനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.

പട്ടംപറത്തൽ മത്സരത്തിലാണ് ചൈനീസ് മഞ്ചച്ചരട് പ്രധാനമായും ഉപയോഗിക്കുന്നത്. തങ്ങളുടെ പട്ടം മറ്റ് പട്ടങ്ങളിൽ കുരുങ്ങിയാൽ അവയെ മുറിച്ചെടുക്കാൻ വേണ്ടിയാണ് അപകടകരമായ ഈ നൂൽ ഉപയോഗിക്കുന്നത്. ചില്ലിനോടൊപ്പം ലോഹഭാഗങ്ങളും പൊടിച്ചുചേർത്ത് നൂലിൽ ചേർത്ത് ഇത് നിർമിക്കാറുണ്ട്.

2016ൽ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികൾ പട്ടച്ചരട് കുരുങ്ങി ഡൽഹിയിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് മഞ്ചക്ക് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച ചൈനീസ് മഞ്ചയിൽ കുരുങ്ങി ബൈക്കിൽ നിന്ന് തെറിച്ചുവീണ് ഒരു ഡെലിവറി ബോയ് മരിച്ചിരുന്നു.

Post a Comment

Previous Post Next Post