NEWS UPDATE

6/recent/ticker-posts

കൈക്കൂലി വാങ്ങി സ്വർണക്കടത്തിന് കൂട്ടുനിന്നു: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

നെടുമ്പാശ്ശേരി: യാത്രക്കാരനിൽനിന്ന് കൈക്കൂലി വാങ്ങി സ്വർണക്കടത്തിന് കൂട്ടുനിന്നതിന് കൊച്ചി വിമാനത്താവളത്തിലെ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സൂപ്രണ്ടുമാരായ ഒരു മലയാളിയെയും ഒരു ഉത്തരേന്ത്യൻ ഉദ്യോഗസ്ഥനെയുമാണ് കസ്റ്റംസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്. ഇവരുടെ പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിടുന്നില്ല.[www.malabarflash.com]


കഴിഞ്ഞ ഞായറാഴ്ച ഗൾഫിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽനിന്നാണ് കൈക്കൂലി വാങ്ങിയത്. യാത്രക്കാരന്റെ പക്കൽ 250 ഗ്രാം സ്വർണമുണ്ടായിരുന്നു. രണ്ട് സ്വർണ ബിസ്‌കറ്റുകളാണ് ഇയാൾ പഴ്‌സിൽ ഒളിപ്പിച്ചിരുന്നത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് യാത്രക്കാരനിൽനിന്ന് 1500 റിയാൽ കൈക്കൂലിയായി വാങ്ങിയ ശേഷം സ്വർണം കൊണ്ടുപോകാൻ സമ്മതിച്ചു.

എന്നാൽ, ടെർമിനലിനു പുറത്തിറങ്ങിയ യാത്രക്കാരനെ കൊച്ചി ഹെഡ് ക്വാർട്ടേഴ്‌സിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി അറിയുന്നത്. യാത്രക്കാരനെ കൊണ്ടുപോകാനായി എത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വിമാനത്താവളത്തിൽ മുമ്പും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള വിവരങ്ങൾ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ട്. കൊച്ചി വിമാനത്താവളത്തിൽ മുമ്പും സ്വർണക്കടത്തിന് കൂട്ടുനിന്നതിന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുത്തിട്ടുണ്ട്.

Post a Comment

0 Comments