NEWS UPDATE

6/recent/ticker-posts

സ്വന്തം വാഹനങ്ങളില്‍ ദേശീയ പതാക വയ്ക്കാമോ? അറിയാം ഇക്കാര്യങ്ങൾ

സ്വാതന്ത്ര്യ ദിനത്തിൽ 'ഹര്‍ ഘര്‍ തിരംഗ' ക്യാംപെയിനിന്‍റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്തിരുന്നു. ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ പലര്‍ക്കും പല സംശയങ്ങളും ഉണ്ടാകാറുണ്ട്.[www.malabarflash.com]

വീടുകളിലും സ്ഥാപനങ്ങളും ഉയര്‍ത്തുന്നത് പോലെ സ്വന്തം വാഹനങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ കഴിയുമോ? , ആര്‍ക്കെല്ലാം വാഹനങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ കഴിയും? എന്നിങ്ങനെ സംശയങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാം മറുപടിയുമായി പുലമായ മാർഗ്ഗനിർദ്ദേശങ്ങൾ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

ഫ്ലാഗ് കോഡ് അനുസരിച്ചാണ് ദേശീയ പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള നിയമങ്ങൾ, പരമ്പരാഗത സമ്പ്രദായങ്ങൾ, പതിവ് രീതികൾ, നിർദ്ദേശങ്ങൾ എന്നിവയുടെ ഏകീകൃത രൂപമാണ് ഫ്ളാഗ് കോഡ്. സ്വകാര്യ, പൊതു, ഗവണ്മെന്റ് സ്ഥാപനങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നത്തിനുള്ള നിർദ്ദേശങ്ങൾ ഇതിലുൾക്കൊള്ളുന്നു. 2002 ജനുവരി 26ന് ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ പ്രാബല്യത്തിൽ വന്നു.

2002 ലെ ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ ഖണ്ഡിക 3.44 പ്രകാരം ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും വാഹനങ്ങളില്‍ ദേശീയ പതാക സ്ഥാപിക്കാന്‍ കഴിയില്ല. ചില പ്രത്യേക സ്ഥാനങ്ങളിലുള്ള വ്യക്തികള്‍ക്ക് മാത്രമായി കാറുകളിൽ ദേശീയ പതാക പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേകാവകാശം പരിമിതപ്പെടുത്തിയിരിക്കുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാരും ലഫ്റ്റനന്റ് ഗവർണർമാരും, ഇന്ത്യൻ ദൗത്യങ്ങളുടെ/തസ്തികകളുടെ തലവന്മാർ, പ്രധാന മന്ത്രി,കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാർ, സഹമന്ത്രിമാർ, ഉപമന്ത്രിമാർ, ഒരു സംസ്ഥാനത്തിന്റെയോ കേന്ദ്ര ഭരണ പ്രദേശത്തിന്റെയോ മുഖ്യമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും, ലോക്സഭാ സ്പീക്കർ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ, സംസ്ഥാന നിയമനിർമ്മാണ കൗൺസിലുകളുടെ ചെയർമാൻമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ സ്പീക്കർമാർ, സംസ്ഥാനങ്ങളിലെ നിയമനിർമ്മാണ കൗൺസിലുകളുടെ ഡെപ്യൂട്ടി ചെയർമാൻമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ ഡെപ്യൂട്ടി സ്പീക്കർമാർ എന്നിവർക്ക് ദേശീയ പതാക വാഹനങ്ങളിൽ വയ്ക്കാം. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജിമാർ, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാർ എന്നിവർക്കും പതാക വാഹനങ്ങളിൽ വയ്ക്കാനുള്ള അനുമതിയുണ്ട്.

ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഉണ്ടാകാറുള്ള മറ്റൊരു പ്രധാന സംശയമാണ് ദേശീയപതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ മറ്റു പതാകകള്‍ ഉണ്ടാകാമോ എന്നത്. ഇതിനെ കുറിച്ചും ഫ്ലാഗ് കോഡില്‍ കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്. ഒരു കൊടിമരത്തിൽ നിന്ന് ഒരേസമയം ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകയോ പതാകകളോ ഉയർത്താൻ പാടില്ല.

മറ്റ് പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകക്ക് മുകളിലോ അരികിലോ ഉയർത്തരുത്; ദേശിയ പതാക ഉയർത്തിയിരിക്കുന്ന കൊടിമരത്തിനോ അതിന് മുകളിലോ പൂക്കൾ അല്ലെങ്കിൽ ഹാരങ്ങൾ അല്ലെങ്കിൽ ചിഹ്നം ഉൾപ്പടെയുള്ള ഒരു വസ്തുവും വയ്ക്കുവാൻ പാടില്ലെന്നും ഫ്ലാഗ് കോഡില്‍ പറയുന്നു.

Post a Comment

0 Comments