Top News

ദേശീയപതാക ഉയർത്തുന്നതിനിടെ ഷോക്കേറ്റ് അപകടങ്ങൾ; ജാർഖണ്ഡിൽ അഞ്ച് മരണം

റാഞ്ചി: ദേശീയപതാക ഉയർത്തുന്നതിനിടെ ജാർഖണ്ഡിൽ വൈദ്യുതാഘാതമേറ്റ് വ്യത്യസ്ത അപകടങ്ങളിൽ അഞ്ചുപേർ മരിച്ചു. തിങ്കളാഴ്ച രണ്ടുപേരും ഞായറാഴ്ച മൂന്ന് പേരുമാണ് വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്.[www.malabarflash.com]

ഞായറാഴ്ച വൈകീട്ട് ദേശീയപതാക ഉയർത്തുന്നതിനിടെയാണ് ഒരു കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചിരുന്നു. ഈ അപകടത്തിന്റെ ഞെട്ടൽ മാറും മുമ്പേ, തിങ്കളാഴ്ച ബൊക്കാറോ, ധൻബാദ് ജില്ലകളിലുണ്ടായ അപകടത്തിലാണ് രണ്ടുപേർ മരിച്ചത്. ധൻബാദിൽ കൽക്കരി ഖനിയിലെ തൊഴിലാളികൾ പതാക ഉയർത്തുന്നതിനിടെ പതാക കെട്ടിയ ഇരുമ്പുവടി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.

അപകടത്തിൽ ഒരാൾ മരിക്കുകയും നാലുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.ബൊക്കാറോയിൽ പോലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് 40 കാരനായ ശുചീകരണ തൊഴിലാളി ഷോക്കേറ്റ് മരിച്ചത്. ഒരു കോൺസ്റ്റബിളിനും നാല് ഓഫീസ് ജീവനക്കാർക്കും പരിക്കേറ്റതായി ബൊക്കാറോ സിറ്റി പോലീസ് സൂപ്രണ്ട് കുൽദീപ് കുമാർ പറഞ്ഞു.

ഞായറാഴ്ച റാഞ്ചി ജില്ലയിലെ അർസാൻഡെ ഗ്രാമത്തിലാണ് കുടുംബത്തിലെ മൂന്നുപേർ ഷോക്കേറ്റു മരിച്ചത്. വീടിന്റെ മേൽക്കൂരയിൽ ദേശീയ പതാക സ്ഥാപിക്കുന്നതിനിടെയാണ് ലൈനിൽ നിന്ന് ഷോക്കേറ്റത്.

കഴിഞ്ഞ ദിവസം ബെം​ഗളൂരുവിലെ ഹെന്നൂരിൽ ദേശീയപതാക ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചിരുന്നു. 33കാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ്. ദക്ഷിണ കന്നഡയിലെ സുള്ള്യ സ്വദേശിയാണ് വിശ്വാസ്. ബംഗളൂരുവിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്.

ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്. പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെട്ടുവെന്ന് ഹെന്നൂര്‍ പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post