Top News

കോഴിക്കോട് ബീച്ചില്‍ സംഗീത പരിപാടിക്കിടെ അപകടം: ബാരിക്കേഡ് മറിഞ്ഞ്‌ 20ഓളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡ് മറിഞ്ഞു വീണാണ് ഇത്രയേറെ പേര്‍ക്ക് പരിക്കേറ്റത്. കോഴിക്കോട് ജെഡിടി കോളേജിലെ വിദ്യാര്‍ത്ഥികൾ നടത്തിയ സംഗീതപരിപാടിക്കിടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവച്ചു.[www.malabarflash.com]


കോളേജിൻ്റെ കാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കാൻ വേണ്ടിയായിരുന്നു പരിപാടി നടത്തിയത്. ടിക്കറ്റ് എടുത്താണ് സദസ്സിലേക്ക് ആളെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ സീറ്റുകളെല്ലാം നിറഞ്ഞ ശേഷവും ആളുകളെ അകത്തേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടതോടെ സദസ്സിലും കൗണ്ടറിലും സംഘര്‍ഷാവസ്ഥയുണ്ടായി ഇതിനിടെയാണ് ബാരിക്കേഡ് തകര്‍ന്ന് വീണ് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റത്. ആളുകൾ പ്രകോപിതരായതോടെ പോലീസ് ലാത്തി വീശി.

പരിപാടിക്ക് ഉൾക്കൊള്ളുന്നതിലും ഇരട്ടിയിലേറെ ആളുകൾ എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് ഡിസിപി എ.ശ്രീനിവാസ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി കോഴിക്കോട് ബീച്ചിൽ നിന്നും മുഴുവൻ ആളുകളേയും ഒഴിപ്പിച്ചു. ബീച്ചിലെ കടകളും പോലീസ് ഇടപെട്ട് അടപ്പിച്ചു. അപകടത്തിൽ രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ല. കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദും ബീച്ചിലെത്തി.

Post a Comment

Previous Post Next Post