NEWS UPDATE

6/recent/ticker-posts

'ജനങ്ങളുടെ സന്തോഷത്തിനും ലോകസമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി നിലകൊള്ളും': യുഎഇ പ്രസിഡന്‍റ്

അബുദാബി: യുഎഇ ജനതയുടെ ശാക്തീകരണത്തിന് പ്രഥമ പരിഗണനയെന്ന് യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്റായി പദവി ഏറ്റെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]


ബുധനാഴ്ച വൈകിട്ട് ആറു മണിക്കാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. യുഎഇ ജനതയുടെ സന്തോഷത്തിനും സുരക്ഷിതമായ ജീവിതത്തിനും വേണ്ടതെല്ലാം ഉറപ്പാക്കുന്നതായിരിക്കും യുഎഇയുടെ ഭാവി പദ്ധതികളുടെ എല്ലാം അടിസ്ഥാനമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. മേഖലയിലും ലോകത്ത് ആകമാനവും സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി നിലകൊള്ളുന്ന യുഎഇയുടെ നയം തുടരും. 

രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഒന്നിനോടും സഹിഷ്ണുത പുലര്‍ത്തില്ല. സമാധാനപരമായ സഹവര്‍ത്തിത്തം, പരസ്പര ബഹുമാനം, പുരോഗതി എന്നിങ്ങനെ യുഎഇയുടെ മൂല്യങ്ങളോട് യോജിക്കുന്ന എല്ലാ രാജ്യങ്ങളുമായും സൗഹൃദം പുലര്‍ത്തും.

ജനങ്ങളാണ് ഞങ്ങളുടെ അഭിമാനം. യുഎഇയെ തങ്ങളുടെ രണ്ടാമത്തെ വീടായി കണ്ട് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് പങ്കുവഹിച്ച പ്രവാസികളുടെ സേവനത്തെ വിലമതിക്കുന്നതായും അദ്ദേഹം പറഞ്ഞു. യുഎഇ മുന്‍ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ രാജ്യത്തിന്റെ വികസനത്തില്‍ വഹിച്ച പങ്ക് പ്രസംഗത്തില്‍ അനുസ്മരിച്ചു. ശൈഖ് ഖലീഫയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയ എല്ലാ ലോകനേതാക്കള്‍ക്കും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നന്ദി പറഞ്ഞു.

ധാരാളം സ്രോതസ്സുകളാല്‍ അനുഗ്രഹീതമാണ് യുഎഇയെന്നും യുവാക്കളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാനുഷിക പ്രവര്‍ത്തനങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം നീട്ടുന്ന യുഎഇയുടെ നിലപാടും തുടരുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. വിശ്വസനീയമായ ഊര്‍ജ ദാതാവെന്ന യുഎഇയുടെ സ്ഥാനം നിലനിര്‍ത്തുമെന്നും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുമെന്നും ശാസ്ത്രത്തെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും യുഎഇ പ്രസിഡന്റ് വ്യക്തമാക്കി.

മുന്‍ യുഎഇ പ്രസിഡന്റും ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇക്കഴിഞ്ഞ മേയ് 13ന് മരണപ്പെട്ടതിനെ തുടര്‍ന്നാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനെ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുത്തത്. നേരത്തെ 2005 മുതല്‍ അദ്ദേഹം യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടര്‍ പദവി വഹിച്ചുവരികയായിരുന്നു.

Post a Comment

0 Comments