NEWS UPDATE

6/recent/ticker-posts

തീവണ്ടി യാത്രയ്ക്കിടെ എട്ടരലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ചു; പ്രതി പിടിയില്‍

കോയമ്പത്തൂര്‍: തീവണ്ടി യാത്രയ്ക്കിടെ എട്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച കേസില്‍ യുവാവിനെ ഈറോഡ് ആര്‍. പി. എഫ്. ഉദ്യോഗസ്ഥര്‍ പിടികൂടി. ഈറോഡ് റെയില്‍വേ കോളനി കുമരന്‍ നഗറില്‍ ഫൈസല്‍ (29) ആണ് അറസ്റ്റിലായത്.[www.malabarflash.com]

സംഭവം നടന്ന് മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായതെന്ന് ആര്‍. പി. എഫ്. അസി. സെക്യൂരിറ്റി കമ്മീഷണര്‍ കെ. വി. രതീഷ് ബാബു അറിയിച്ചു.

കൊച്ചുവേളി-മൈസൂരു എക്‌സ്പ്രസില്‍ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് എ.സി. കോച്ചില്‍ യാത്രചെയ്ത പങ്കജം ഡി.നായരുടെ ബാഗാണ് മോഷണം പോയത്. ഇവര്‍ക്കൊപ്പം മകനും തീവണ്ടിയിലുണ്ടായിരുന്നു.

എട്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍, എട്ട് പവന്റെ സ്വര്‍ണ്ണമാല, വാച്ച്, 35,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍ എന്നിവയാണ് കാണാതായത്. തീവണ്ടി ബെംഗളൂരു എത്തിയ ശേഷമാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് ബെംഗളൂരു റെയില്‍വേ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പരിശോധിച്ച പോലീസ് ഈറോഡ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈറോഡ് പോലീസിന് കേസ് കൈമാറുകയായിരുന്നു.

റെയില്‍വേ ഡിവൈ.എസ്. പി. യാസ്മിന്‍, ആര്‍. പി. എഫ്. അസി. സെക്യൂരിറ്റി കമ്മീഷണര്‍ കെ. വി. രതീഷ് ബാബു എന്നിവരുടെ മേല്‍നോട്ടത്തില്‍ ആര്‍. പി. എഫ്. സബ്ബ് ഇന്‍സ്പെക്ടര്‍ കെ. എം. നിഷാന്ത്, അസി. സബ്ബ് ഇന്‍സ്പെക്ടര്‍ ഗോപാല കൃഷ്ണന്‍, കോണ്‍സ്റ്റബിള്‍ ശരവണന്‍, റെയില്‍വേ പോലീസ് എസ്. ഐ. രഘുവരന്‍, പോലീസുകാരായ കണ്ണന്‍, ജയവേല്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 

ഇയാളില്‍ നിന്ന് വൈരമാല, ആറ് ഗ്രാം സ്വര്‍ണാഭരണം, സെല്‍ഫോണ്‍, വാച്ച് എന്നിവ കണ്ടെടുത്തു. ഈറോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments