Top News

മാധ്യമ പ്രവർത്തകൻ മൊഹമ്മദ് സുബൈറിനെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: മാധ്യമ പ്രവർത്തകൻ മൊഹമ്മദ് സുബൈറിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 2018ലെ ട്വീറ്റിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മതസ്പർദ്ധ വളർത്തി, മതവികാരം വ്രണപ്പെടുത്തിയെന്നും ആരോപിച്ച് കഴിഞ്ഞ ദിവസം ഡൽഹി പോലീസ് ആണ് മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ്ങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മൊഹമ്മദ് സുബൈർ. മറ്റൊരു കേസില്‍ ചോദ്യം ചെയ്യാനെന്ന വ്യാജേന ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയ മൊഹമ്മദ് സുബൈറിനെ അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ പറഞ്ഞു. പല തവണ അഭ്യര്‍ത്ഥിച്ചിട്ടും എഫ്‌ഐആര്‍ കോപ്പി പോലും നല്‍കിയില്ലെന്ന് പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ പൊലീസ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും നെയിം ടാഗ് ധരിച്ചിരുന്നില്ലെന്ന ഗുരുതര ആരോപണം പ്രതീക് സിന്‍ഹ ഉന്നയിച്ചിരുന്നു. 2018ലെ മൊഹമ്മദ് സുബൈറിന്റെ ട്വീറ്റ് 1993ൽ സെൻസർ ബോർഡ് അനുമതി നൽകിയ ഒരു സിനിമയുടെ ചിത്രമാണെന്ന് സുബൈറിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. ഒരൊറ്റ ട്വീറ്റ് മാത്രമുള്ള ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടിന്റെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. 

ഹനുമാന്‍ ഭക്ത് എന്ന പേരും ബാലാജി കി ജെയ്ന്‍ എന്ന യൂസര്‍ നെയിമുമുള്ള ട്വിറ്റര്‍ ഹാന്റിലാണിത്. സുബൈറിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ആകെ ഒരു ഫോളാവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത് എന്നുമാണ് റിപ്പോർട്ടുകൾ.

ലോകത്തിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള വസ്തുതാന്വേഷണ വാര്‍ത്താ മാധ്യമങ്ങളിലൊന്നാണ് ആള്‍ട്ട് ന്യൂസ്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട് ന്യൂസ് 2017ലാണ് സ്ഥാപിതമാകുന്നത്. വര്‍ഗീയ കലാപങ്ങള്‍ ലക്ഷ്യമിട്ട് സമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഒട്ടേറെ വ്യാജ വാര്‍ത്തകളും പോസ്റ്റുകളും ആള്‍ട്ട് ന്യൂസ് വസ്തുതാന്വേഷണത്തിലൂടെ തുറന്നുകാട്ടിയിട്ടുണ്ട്. 

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകരായ പ്രതീക് സിന്‍ഹയും മൊഹമ്മദ് സുബൈറും വര്‍ഷങ്ങളായി അധിക്ഷേപങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടുന്നുണ്ട്. തീവ്ര വലതുപക്ഷ സംഘടനങ്ങള്‍ ദീര്‍ഘനാളുകളായി ആള്‍ട്ട് ന്യൂസിനെ ലക്ഷ്യമിടുകയും ഇരുവര്‍ക്കുമെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു മാസം മുന്‍പ് യുപിയിലെ സീതാപൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതാണ് മൊഹമ്മദ് സുബൈറിനെതിരെയുള്ളവയില്‍ അവസാനത്തേത്. ഈ കേസിലേതിന് സമാനമായ വകുപ്പുകള്‍ ചുമത്തിയാണ് ഡല്‍ഹിയില്‍ മൊഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post