Top News

വസ്ത്ര വിൽപനയ്ക്കെത്തി ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ബിഹാർ സ്വദേശി പിടിയിൽ

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്.[www.malabarflash.com] 

ധീവരസഭയുടെ മുൻ സംസ്ഥാന സെക്രട്ടറിയും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായ ആര്യക്കര ലക്ഷ്മി സദനത്തിൽ കെ.എം.ബാലാനന്ദന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

വസ്ത്രങ്ങൾ വിൽക്കാൻ ബാലാനന്ദന്റെ വീട്ടിൽ എത്തിയ മുഹമ്മദ് സാക്കിർ, കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ ബാലാനന്ദൻ അകത്തേക്കു പോയപ്പോൾ മുഹമ്മദ് സാക്കിറും പിന്നാലെ അകത്തേക്കു കയറി കിടപ്പുമുറിയിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന 3500 രൂപ അപഹരിച്ചു. ബാലാനന്ദൻ തിരികെ വന്നപ്പോൾ മുഹമ്മദ് സാക്കിർ മുറിയിൽ നിന്നു പണവുമായി ഇറങ്ങിവരുന്നതു കണ്ടു. മോഷണ ശ്രമമാണെന്നു മനസ്സിലായതോടെ മുഹമ്മദ് സാക്കിറിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ബാലാനന്ദനെ മുറിക്ക് അകത്തേക്കു തള്ളിയിട്ട ശേഷം മുറി പുറത്തുനിന്നു പൂട്ടി കടന്നുകളഞ്ഞു.

ബാലാനന്ദൻ ബഹളം വച്ചതോടെ അയൽവാസികൾ എത്തി പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് മുറി തുറന്ന് ഇദ്ദേഹത്തെ പുറത്തിറക്കിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. മുഹമ്മ പോലീസ് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തി. പ്രതിയുടെ ഒപ്പമുണ്ടായതായി കരുതുന്നയാളെ മുഹമ്മയിൽ നിന്നു പിടികൂടി. ഇയാൾ സഞ്ചരിച്ച ബസ് തടഞ്ഞുനിർത്തിയാണ് കസ്റ്റഡിയിൽ എടുത്തത്.

ഇയാളിൽ നിന്നു മറ്റുള്ളവരുടെ ഫോൺ നമ്പറുകൾ ശേഖരിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി അമ്പലപ്പുഴയിൽ നിന്നു ട്രെയിൻ കയറി കായംകുളത്തേക്കു പോയതായി വിവരം ലഭിച്ചു. തുടർന്ന് കായംകുളത്ത് ഇവർ താമസിച്ചുവന്ന വാടകക്കെട്ടിടത്തിൽ നിന്നാണ് മുഹമ്മദ് സാക്കിറിനെ കസ്റ്റഡിയിൽ എടുത്തത്.

Post a Comment

Previous Post Next Post