Top News

കടം വീട്ടാൻ കൂപ്പൺ: വീട് വിൽക്കാൻ ലോട്ടറി മാതൃകയിൽ കൂപ്പൺ ഇറക്കി വട്ടിയൂർക്കാവിലെ ദമ്പതികൾ

തിരുവനന്തപുരം: വീട് വിറ്റ് കടംവീട്ടാൻ സമ്മാനക്കൂപ്പണുമായി തിരുവനന്തപുരം വട്ടിയൂർക്കാവിലെ ദമ്പതികൾ. മൂന്ന് കിടപ്പ് മുറികളുള്ള വീട് വിൽക്കാൻ 2000 രൂപയുടെ കൂപ്പണാണ് ഇവർ പുറത്തിറക്കിയത്. ബാധ്യത ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. കൂപ്പൺ എടുക്കുന്നവരിൽ ഭാഗ്യശാലിക്ക് ഒക്ടോബർ 17ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാവും.[www.malabarflash.com]


വട്ടിയൂർക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന വീട്. വിദേശത്തെ ജോലി വിട്ട് നാട്ടിൽ മടങ്ങിയെത്തിയ അജോയും അന്നയുമാണ് ബാധ്യതകൾ തീർക്കാൻ കൂപ്പണിറക്കിയത്. ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വർഷം മുൻപാണ് വീട് വാങ്ങിയത്. 45 ലക്ഷം രൂപയ്ക്കായിരുന്നു വീട് വാങ്ങിയത്. ബിസിനസ് തുടങ്ങി നാട്ടിൽ കഴിയുകയായിരുന്നു ലക്ഷ്യം. കൊവിഡ് എത്തിയതോടെ ഇവരുടെ പദ്ധതികൾ എല്ലാം തകിടം മറിഞ്ഞു.

ഇവർക്ക് 32 ലക്ഷം രൂപയുടെ ബാധ്യത തീർക്കാനുണ്ട്. വീട് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നൽകാൻ ആരും തയ്യാറല്ല. ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പൺ ഇറക്കാമെന്ന ആശയമുണ്ടായത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാൽ നറുക്കെടുപ്പ് എന്നതാണ് ഇവരുടെ ആശയം. 18 ലക്ഷം രൂപ സമ്മാന നികുതി നൽകണം. ബാധ്യത വീട്ടി കിട്ടുന്ന 20 ലക്ഷം രൂപ കൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്‍റായ അജോയുടെയും ഭാര്യയുടേയും ആഗ്രഹം.

ഇതിനോടകം 100 കൂപ്പൺ വിറ്റുപോയി. 8089748577 എന്ന മൊബൈൽ നമ്പറിൽ വിളിച്ച് ഉത്തമ വിശ്വാസമായാൽ മാത്രം കൂപ്പൺ എടുക്കാം. കൂപ്പൺ കൊറിയറായും നൽകും. ഭാഗ്യം കടാക്ഷിച്ചാൽ പുതുമ മാറാത്ത വീട് സ്വന്തമാക്കാം. പരമാവധി ടിക്കറ്റുകൾ വിൽക്കാനാണ് ശ്രമം. നറുക്കെടുപ്പ് നടക്കാതെ പോയാൽ ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും അജോയും അന്നയും പറയുന്നു.

Post a Comment

Previous Post Next Post