Top News

മോഷണം നടത്തി കാടുകയറുന്ന കള്ളൻ അശോകൻ; ഒടുവിൽ കൊച്ചിയിൽ പിടിയിൽ

കാഞ്ഞങ്ങാട്: നാടിനെ വിറപ്പിച്ച് കാടു കയറിയ കള്ളൻ, കറുകവളപ്പിൽ അശോകൻ കൊച്ചിയിൽ പിടിയിലായി. മടിക്കൈ കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ടെ ചെഗുവേര ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ വിനോദയാത്ര പോയ യുവാക്കളാണ് അശോകനെ തിരിച്ചറിഞ്ഞ് പോലീസിൽ വിവരം അറിയിച്ചത്. മഫ്തിയിൽ എത്തിയ പോലീസ് യുവാക്കളുടെ സഹായത്തോടെ അശോകനെയും കൂട്ടാളിയെയും പിടികൂടി.[www.malabarflash.com]


തിങ്കളാഴ്ച വൈകിട്ട് 4.30ന് മറൈൻഡ്രൈവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ട യുവാക്കൾ പിന്നാലെ പിന്തുടർന്നു. സമീപത്തെ കടയിൽ മൊബൈൽ വിൽക്കാൻ കയറിയപ്പോൾ ഇയാളുടെ ഫോട്ടോ ഫോണിൽ പകർത്തി നാട്ടിലേക്ക് അയച്ചു. നാട്ടിൽ ഫോട്ടോ കണ്ടവർ അശോകനെ തിരിച്ചറിഞ്ഞതോടെ യുവാക്കൾ പോലീസിൽ വിവരമറിയിച്ചു. കൊച്ചി പോലീസ് കാഞ്ഞങ്ങാട് പോലീസിനെ അറിയിച്ച ശേഷം കടയിലെത്തി ഉടമയെക്കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ചു. കടയിലേക്കു മടങ്ങിയെത്തിയ അശോകനെയും കൂട്ടരെയും പോലീസും യുവാക്കളും ചേർന്നു പിടികൂടി.

മാർച്ച് 9നാണ് അശോകൻ കാഞ്ഞിരപ്പൊയിലിലെ അനിൽകുമാറിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം ആഭരണങ്ങൾ കവർന്നു കാടു കയറിയത്. നാട്ടുകാർ ഉൾപ്പെടെ ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. 

പിടികൂടിയ അശോകനെ കസ്റ്റഡിയിൽ എടുക്കാൻ എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലേക്കു തിരിച്ചു.

Post a Comment

Previous Post Next Post