NEWS UPDATE

6/recent/ticker-posts

കഴുത്തിൽ ആഴത്തിലുള്ള അടയാളം; റിഫയുടെ മൃതദേഹം വീണ്ടും ഖബറടക്കി

കോഴിക്കോട്: ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗർ റിഫ മെഹ്‍നുവി‍ന്റെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി. ഈ അടയാളം മുറിവാണോയെന്ന്​ വ്യക്​തമല്ല.[www.malabarflash.com]


മരണം കൊലപാതകമാണോയെന്ന്​ രണ്ടു​ ദിവസത്തിനകം പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ കിട്ടിയാൽ അറിയാൻ കഴിയും. ​കൊലപാതകത്തി‍െൻറ സൂചനയുണ്ടെങ്കിൽ അന്വേഷണം ദുബൈയിലേക്ക്​ വ്യാപിപ്പിക്കും.

പാവണ്ടൂർ ജുമാ മസ്ജിദിലെ ഖബർസ്ഥാനിൽ നിന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ താമരശേരി ഡിവൈ.എസ്.പി ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടു മണിക്കൂർ നീണ്ടുനിന്ന ഇൻക്വസ്റ്റ് നടത്തി.

പുറത്തെടുത്ത മൃതദേഹം പൂർണമായും അഴുകിയിരുന്നില്ല. തുടർന്ന് വിശദ പരിശോധനക്ക് മെഡിക്കൽ കോളജിലേക്ക് മാറ്റി. കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തിയതും മൃതദേഹം മെഡിക്കൽ കോളജ്​ മോർച്ചറിയിൽ പോസ്റ്റ്​മോർട്ടം നടത്താൻ കാരണമായി. 

ശാരീരിക മർദനത്തിന്റെ സാധ്യതകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി, ശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ആന്തരികാവയവങ്ങൾ രാസപരിശോധന നടത്തും. പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് 6.30ഓടെ മൃതദേഹം തിരികെ പള്ളിയിലെത്തിച്ച് ഖബറടക്കി.

കോഴിക്കോട് ആർ.ഡി.ഒ വി. ചെൽസസിനി, ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സി.എം. ഷാജി, മഹല്ല് കമ്മിറ്റി പ്രസിഡന്‍റ്​ അഹമ്മദ് കോയ ഹാജി, സെക്രട്ടറി എൻ.കെ. നൗഫൽ, എം. അബ്ദുറഹ്മാൻ, ഷെരീഫ് മന്ദലത്തിൽ, റിഫയുടെ സഹോദരൻ റിജുൻ, ബന്ധു ഉബൈദ് എന്നിവർ മൃതദേഹം പുറത്തെടുക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.

മാര്‍ച്ച് ഒന്നിന് രാത്രിയാണ് ദുബൈയിലെ ഫ്ലാറ്റില്‍ റിഫയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ദുബൈയില്‍ റിഫയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചെന്ന് കുടുംബം ആരോപിച്ചിരുന്നു. തുടർന്ന് ഇക്കാര്യം സൂചിപ്പിച്ച് മാർച്ച് 18ന് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ് അശോകിന് പരാതി നല്‍കി. വൈകാതെ താമരശ്ശേരി ഡിവൈ.എസ്.പി ടി.കെ. അഷറഫ് വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി എടുത്തു. 

തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അന്വേഷക സംഘം തീരുമാനിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ റിഫയുടെ മരണത്തിൽ നിർണായക വിവരങ്ങൾ ലഭ്യമാകുമെന്നും മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് റാഷിദ് പറഞ്ഞു.

Post a Comment

0 Comments