പാലക്കുന്ന്: ചെളിക്കുളമായ പാലക്കുന്ന് കവലയിലെ പൊതു ഇടത്തിന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശപമോക്ഷം. മഴ പെയ്തു തുടങ്ങിയാൽ ചെളിക്കുളമാകുന്ന 400 ചതുരശ്ര മീറ്ററോളം വിസ്തൃതിയുള്ള പൊതു ഇടം സംസ്ഥാന പാതയോരത്തോട് ചേർന്ന് പാലക്കുന്ന് ക്ഷേത്ര ഗോപുരത്തിന് കിഴക്ക് ഭാഗത്താണ് നാളിതു വരെ വൃത്തിഹീനമായികിടന്നിരുന്നത് . മഴ തുടങ്ങിയാൽ കൊതുക് കടിയും ദുർഗന്ധവം പതിവായിരുന്നു ഇവിടെ.[www.malabarflash.com]
നിരവധി കച്ചവട സ്ഥാപനങ്ങളെ കൂടാതെ മിനി ടെമ്പോ സ്റ്റാൻഡും ഡ്രൈവന്മാരുടെ ഉത്സവകാല കുടിവെള്ള മണ്ഡപവും വിശ്രമകേന്ദ്രവും ഇവിടെയാണ്. മഴക്കാലത്ത് ചെളിവെള്ളത്തിലൂടെ നടന്നായിരുന്നു പൊതുജനങ്ങൾ ഏറെ വർഷങ്ങളായി അപ്പുറം കടന്നിരുന്നത്.
കെഎസ്ടിപി റോഡുപണിക്കിടെ അനുബന്ധമായി ചെയ്യാമായിരുന്ന ഈ പൊതുഇടം അന്ന് നാട്ടുകാരുടെ സമ്മർദ ഇടപെടൽ ഇല്ലാഞ്ഞതിനാലാണ് ഒഴിവാക്കപ്പെട്ടതെന്ന പരാതിയും ഉണ്ടായിരുന്നു. പിന്നീട് നാട്ടുകാരും സമീപത്തെ കച്ചവടസ്ഥാപനക്കാരും പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. പി.ഡബ്ല്യൂ.ഡി യുടെ സ്ഥലമായതിനാൽ പഞ്ചായത്തും അന്ന് കൈമലർത്തി.
ജനങ്ങളുടെ പരാതിയും പത്രവാർത്തകളും കൂടിയപ്പോൾ ഈ സ്ഥലം കോൺക്രീറ്റ് ചെയ്യാനും അനുബന്ധമായ ഓവുചാൽ നിർമാണത്തിനുമായി നാലു ലക്ഷം രൂപ നീക്കിവെച്ചതായി 2020 ജൂണിൽ അന്നത്തെ പ്രസിഡന്റ് കെ.എ. മുഹമ്മദലി അറിയിച്ചിരുന്നു. പി.ഡബ്ലൂ.ഡി യിൽ നിന്ന് അനുവാദം കിട്ടിയാൽ പണി തുടങ്ങുമെന്നാണ് അന്ന് പറഞ്ഞത്. അതു സംബന്ധമായ സാങ്കേതിക കുരുക്കുകൾ അഴിച്ച് രണ്ട് വർഷത്തിന് ശേഷം ടൗണിന്റെ പ്രധാന കവലയിലെ വൃത്തിഹീനമായ ഇടം ഇന്റർലോക്കിട്ട് സുന്ദരമാക്കാൻ ഉദുമ പഞ്ചായത്ത് തീരുമാനിച്ചു .
കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുചിത്വ ഗ്രാൻഡ് ഉപയോഗിച്ച് 3.61ലക്ഷം രൂപ ചെലവിട്ടാണ് 390 ചതുരശ്ര മീറ്റർ സ്ഥലത്ത് ടൈൽസ് പാകി സുന്ദരമാക്കുന്നതെന്നു വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണൻ പറഞ്ഞു. അനുബന്ധ ഒഴുക്കുചാലും പണിയും.
Post a Comment